പൊൻകണ്ടം പള്ളിയിൽ തിരുനാളിന് കൊടിയേറി.

മംഗലംഡാം: പൊൻകണ്ടം സെയ്ന്റ്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി. മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം കൊടിയുയർത്തി. ഇടവകവികാരി ഫാ. സജി ജോസഫ്, ഫാ. സെബിൻ കരുത്തി എന്നിവർ സഹകാർമികരായി.

ശനി, ഞായർ ദിവസങ്ങളിലായാണ് തിരുനാളാഘോഷം. ശനിയാഴ്‌ 3.30-ന് രൂപം എഴുന്നള്ളിച്ച് വെയ്ക്കും. 4.30-ന് ആഘോഷമായ കുർബാനയ്ക്ക് ഫാ. ജിബിൻ കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ സന്ദേശം നൽകും.

തുടർന്ന് വിവിധ ചായകളുടെ രുചിവൈഭവം അവതരിപ്പിക്കുന്ന ‘ചായ @ പൊൻകണ്ടം’ പരിപാടിയുണ്ടാകും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച മൂന്നിന് ആഘോഷമായ കുർബാനയ്ക്ക് ഫാ. അൽജോ കുറ്റിക്കാട്ട് മുഖ്യകാർമികനാകും. ഫാ. ഐബിൻ പെരുംപള്ളി സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, വാദ്യമേളം, കലാവിരുന്ന് തുടങ്ങിയവയുണ്ടാകും.