നെന്മാറ: കതിര് വരാറായ നെല്‍പ്പാടങ്ങളില്‍ വ്യാപകനാശം വരുത്തി കാട്ടുപന്നികള്‍. അയിലൂർ പഞ്ചായത്തിലെ ഒറവഞ്ചിറ, മരുതഞ്ചേരി, പെരുമാങ്കോട്, ചെട്ടികൊളുമ്പ് തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി നെല്‍കൃഷി നാശം വരുത്തിയിരിക്കുന്നത്.
നിറയെ വെള്ളമുള്ള നെല്‍പ്പാടങ്ങളില്‍വരെ ചെടികള്‍ വേരോടെ ഉഴുതുമറിച്ച നിലയില്‍ മറിച്ചിടുകയും ചവിട്ടിയും കിടന്നുരുണ്ടും നെല്‍ച്ചെടികള്‍ നശിപ്പിച്ചതിന് പുറമേ വെള്ളം കെട്ടിനിർത്തിയ വരമ്പുകളും വരമ്ബുകളുടെ ഉള്‍ഭാഗങ്ങളും കുത്തിമറിച്ച് നാശം വരുത്തി.
നെല്‍ച്ചെടികളുടെ നാശത്തിന് പുറമേ നെല്‍പ്പാടങ്ങളിലെ വെള്ളം സംഭരിച്ചു നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. നെല്‍ച്ചെടികളില്‍ കതിരുകള്‍ നിരക്കുന്നതിന് മുമ്ബേതന്നെ ഇത്തരത്തില്‍ നാശം തുടർന്നാല്‍ നെല്‍ക്കതിരായാല്‍ ശേഷിക്കുന്നവ വിളവെടുക്കാനും കൂടി കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
കാട്ടുപന്നി നിർമാർജനം ഫലപ്രദമാകാത്തതും വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാരെ കിട്ടാത്തതും ഷൂട്ടർമാർക്ക് പഞ്ചായത്തും സർക്കാരും പ്രതിഫലം നല്‍കാത്തതും കാട്ടുപന്നിയെ സംരക്ഷിക്കുന്ന ഫലമാണ് ചെയ്യുന്നത്. നെല്‍ച്ചെടികളുടെ വേരുപടലത്തിന് അടിയിലുള്ള മണ്ണിര പോലുള്ള ചെറുജീവികളെ തിന്നാനായാണ് ചെടികളെ ഒന്നാകെ കുത്തി മറിക്കുന്നതെന്നാണ് കർഷകരുടെ നിഗമനം.
കാട്ടുപന്നി ആക്രമണം ഭീതി മൂലം നെല്‍പ്പാടങ്ങളില്‍ കാവല്‍ ഇരിക്കാനും കർഷകർ ഭയക്കുകയാണ്. ഒന്നാം വിളയില്‍ കനത്ത വിളനാശത്തിനുശേഷം ഏറെ പ്രതീക്ഷയിലായിരുന്നു രണ്ടാംവിള.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു