വടക്കഞ്ചേരി: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ നടപടി കൂട്ടായ്മ തകർത്ത് ഭൂസമരം പൊളിക്കാനുള്ള ഗൂഢനീക്കമാണെന്ന ആരോപണം ശക്തം. ഓരോ കുടുംബത്തിനും ഓരോ ഏക്കർവീതം ഭൂമി നല്‍കാനായിരുന്നു തീരുമാനം. അതുപ്രകാരം മാറാൻ സമ്മതിച്ച കടപ്പാറ മൂർത്തിക്കുന്നിലെ 25 കുടുംബങ്ങളില്‍ 14 കുടുംബങ്ങളെ മേലാർകോട് പഞ്ചായത്തിലെ പഴുതറ കല്ലങ്കാട്ടേക്കാണ് മാറ്റേണ്ടത്.
ഇത് ഒറ്റക്കെട്ടായി സമരമുഖത്ത് ഉണ്ടായിരുന്ന ആദിവാസികൾക്കിടയിൽ പിളർപ്പുണ്ടാക്കിയാണ് അധികൃതർ സാധ്യമാക്കിയത്. മേലാർക്കോട്ടേക്കുള്ള മാറ്റം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.വീടിനും, കൃഷിഭൂമിക്കുമായി ഒമ്പതുവർഷത്തിലേറെയായി ഭൂസമരം നടത്തുന്ന ആദിവാസികളുടെ ആവശ്യങ്ങളിന്മേലുള്ള നടപടികള്‍ ഒന്നും തന്നെ ഇപ്പോൾ ആലോചനയിൽ പോലുമില്ല.
14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഇടപെടലില്‍ പട്ടികവർഗ വികസന വകുപ്പ് നാലുവർഷം മുമ്പാണ് തീരുമാനിച്ചത്. അന്നത്തെ ഊരുമൂപ്പനായിരുന്ന വേലായുധൻ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ സ്വാധീനിച്ചാണ് മേലാർക്കോട്ടേക്ക് പോകാൻ അവരുടെ സന്നദ്ധത നേടിയത്.
ഇതുപ്രകാരം 14 കുടുംബങ്ങള്‍ക്ക് വീട് നിർമാണത്തിന്‍റെ ഭാഗമായി തറക്കെട്ടാൻ 90,000 രൂപ വീതം ലഭിച്ചതായി അന്നത്തെ മൂപ്പൻ വേലായുധൻ പറഞ്ഞു. എന്നാല്‍ ഈ പണമൊന്നും ഇപ്പോള്‍ പല കുടുംബങ്ങളുടെയും കൈവശമില്ല. ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രമാണ് നല്‍കിയ പണം
തറകെട്ടാനെങ്കിലും
ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ തറകെട്ടുന്ന സ്ഥലത്തേക്ക് കല്ലും മറ്റു സാധനങ്ങളും കൊണ്ടുപോകുന്നതിനുള്ള വഴിയില്ലെന്ന് ഈ വീട്ടുകാർ പറയുന്നു.
ഇറിഗേഷൻ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങളാണ് വാഹനം കടത്തിക്കൊണ്ടു പോകാൻ തടസമായിട്ടുള്ളത്. ഏഴ് മരങ്ങളാണ് തടസമായുള്ളത്. ഈ മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതിനു ഇറിഗേഷൻവകുപ്പിന്‍റെ അനുമതി വേണം. തങ്ങളുടെ രക്ഷക്ക് വരേണ്ട പട്ടികവർഗ വകുപ്പും ഒന്നും ചെയ്യുന്നില്ലെന്നാണു പരാതി.
മേലാർക്കോട് ഇവർക്ക് അനുവദിച്ച ഭൂമി വനപ്രദേശമല്ലാത്തതിനാല്‍ വന വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളായ ഇവർക്ക് മേലാർക്കോട് വീട് ഒരുക്കിയാലും ഉപജീവന മാർഗത്തിനായി കടപ്പാറയിലോ, മറ്റു വനപ്രദേശങ്ങളിലോ പോകേണ്ടിവരും.
കൂട്ടായ്മ തകർത്ത് ഭൂസമരം പൊളിക്കാനുള്ള ഗൂഢനീക്കമായിരുന്നു മേലാർക്കോട് സ്ഥലം കണ്ടെത്തിയതിനു പിന്നിലെന്നു മൂർത്തിക്കുന്ന് ഊരു മൂപ്പൻ വാസു ഭാസ്കരൻ പറയുന്നു. ഈ ആരോപണം ശരിവക്കുന്നതാണ് ഇപ്പോഴത്തെ ഇവരുടെ ദുരവസ്ഥ. 11 കുടുംബങ്ങളാണ് ഇപ്പോള്‍ ഭൂസമരവുമായി കടപ്പാറ മൂർത്തിക്കുന്നിലുള്ളത്. ഇവർ മൂപ്പൻ വാസുവിനോപ്പം ഉറച്ചു നിൽക്കുന്നതിനാലും ഇതര ആദിവാസി, മനുഷ്യാവകാശ സംഘടനകളുടെ പിൻബലം ഉള്ളതിനാലും ഇവിടെ സമരം ഇപ്പോഴും ശക്തമായി തുടരുന്നു.
എന്നാൽ മേലാർക്കോട്ടേക്ക് മാറാൻ സന്നദ്ധത അറിയിച്ച കുടുംബങ്ങൾക്ക് കടപ്പാറയിലെ ആനുകൂല്യങ്ങൾ ഇപ്പോള്‍ ഇല്ലാതാക്കി. തൊഴിലുറപ്പു ജോലിയില്‍ നിന്നു വരെ ഇവരെ ഒഴിവാക്കിയതോടെ നിത്യ ചെലവുകള്‍ക്കും ചികിത്സക്കും പണമില്ലാതെ വലിയ കഷ്ടപ്പാടുകളിലാണ് കുടുംബങ്ങളുള്ളത്.
നിരാലംബരായ ആദിവാസി സമൂഹത്തിൽ വിള്ളൽ സൃഷ്ടിച്ചു അവരുടെ അർഹമായ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.