വരൾച്ച ഭീഷണിയിൽ നെൽകൃഷി

“കൃഷിഭവൻ പരിധിയിൽ പൊരുവത്തക്കാട് പാടശേഖരത്തിലെ നെൽക്കൃഷി ഉണക്കു ഭീഷണിയിൽ. കനാൽവെള്ളം എത്താത്തതാണ് കാരണം. വയൽ നികത്തി അനധികൃത കെട്ടിട നിർമാണം മൂലം ജലസേചന സൗകര്യങ്ങൾക്ക് തടസ്സം ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. നെൽവയൽ അനധികൃതമായി മണ്ണിട്ട നികത്തിയതിനെതിരായ കൃഷി ഓഫിസർമാരുടെ റിപ്പോർട്ടിന്മേൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.വീടുകൾക്ക് ലഭിക്കുന്ന കെഎൽയു അനുമതിയുടെ മറവിലാണ് വയൽ നികത്തുന്നതെന്ന് പരാതിയുണ്ട്. ചേരാമംഗലം ജലസേചന പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം എത്തുന്നത്.രണ്ടാഴ്ചയായി വെള്ളം എത്തുന്നില്ലെന്ന് കർഷകർ പറയുന്നു. വയലുകൾ വരൾച്ച കാരണം വിണ്ടു കീറിയ നിലയിലാണ്. പുതിയങ്കം വേട്ടക്കരുമൻ ക്ഷേത്രത്തിനു സമീപം, ചെറുതറ, പൊരുവത്തക്കാട്, കൂട്ടമൂച്ചി, വേലക്കണ്ടം, അരങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലാണ് കൃഷി ഉണങ്ങുന്നത്. പാടശേഖരത്തിന്റെ കീഴിൽ 25 ഹെക്ടർ കൃഷിഭൂമി ഉണ്ട്. ഇതിൽ നല്ലൊരു ഭാഗത്ത് വെള്ളം എത്തുന്നില്ല. കനാൽ നന്നാക്കാത്തത് മൂലം വെള്ളം ഒഴുകി എത്തുന്നതിനു തടസ്സം നേരിടുന്നു.ഇപ്പോൾ കാവശ്ശേരിയിലേക്കാണ് വെള്ളം തിരിച്ചു വിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം കഴിഞ്ഞ് പൊരുവത്തക്കാട് പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇതിനു യാതൊരു ഉറപ്പുമില്ലെന്ന് കർഷകർ പറയുന്നു. പാടശേഖര സമിതിയുടെ കീഴിൽ വെള്ളം ഇല്ലാത്തത് മൂലം വയലുകൾ തരിശിട്ടിരിക്കുന്നവരും ഉണ്ട്. ചില മേഖലകളിൽ കുറേനാൾ തരിശിട്ട് കഴിഞ്ഞ് പിന്നെ വയലുകൾ രൂപമാറ്റം വരുത്തുന്നതിനുള്ള അനുമതിക്കും അപേക്ഷ നൽകുന്നുണ്ടെത്ര. കനാലുകൾ നന്നാക്കി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് തൃപ്പാളൂർ ശശി, സെക്രട്ടറി ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.”