കിഴക്കഞ്ചേരി : ഇതൊരു ശ്മശാനമാണ്. എന്നാൽ ഗേറ്റ് കടന്നെത്തിയാൽ ഒരു പറുദീസയുടെ മട്ടും ഭാവവുമാണ്. അതിമനോഹരമായ പുന്തോട്ടം കടന്നു ചെന്നാലേ അറിയൂ ഇതൊരു ആധുനിക വാതക ശ്മശാനമാണെന്ന്. കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോട് കൂടി മമ്പാട് പണിത വാതക ശ്മശാനം ഫോട്ടോ ഷൂട്ടിനു വരെ വേദിയാവുന്നുണ്ട്. 2019ൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ജില്ലാ പഞ്ചായത്തിന്റെയും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായാണ് പദ്ധതി തുടങ്ങിയത്. 80 ലക്ഷം അടങ്കൽ തുകയായി തുടങ്ങിയ പദ്ധതിയുടെ 60 ശതമാനം ഗ്രാമപഞ്ചായത്താണ് വഹിച്ചത്. തനത് ഫണ്ടിൽ നിന്ന് ഗ്രാമപഞ്ചായത്ത് ചിലവഴിച്ച തുക പദ്ധതി പൂർത്തിയായപ്പോൾ ഒരു കോടി കവിഞ്ഞു. അതിമനോഹരമായാണ് ശ്മശാനത്തിൻ്റെ നിർമാണം ചെന്നൈ ആസ്ഥാനമായുള്ള ജ്വാല അസോസിയേറ്റ് പൂർത്തിയാക്കിയത്. പ്രധാന റോഡിൽ നിന്ന് ഒരു കിലോ മീറ്റർ ഉള്ളിലേക്ക് മാറി ജന സാന്ദ്രത ഇല്ലാത്ത സ്ഥലമാണ് ശ്മശാനത്തിനായി കണ്ടെത്തിയതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിത മാധവൻ പറഞ്ഞു. കമ്പനി പ്രതിനിധികൾ കൃത്യമായി പരിപാലനം നൽകുന്നുണ്ട്. ഗാർഡൻ സംരക്ഷണത്തിനായി ഒരാളെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. ജ്വാല കമ്പനിയുടെ തൃശ്ശൂരിലുള്ള സോണൽ ഓഫീസിൽ നിന്ന് എപ്പോഴും ടെക്നീഷ്യനെ ലഭ്യമാണ്. ഇപ്പോൾ കിഴക്കഞ്ചേരി പഞ്ചായത്തിലുള്ളവരിൽ നിന്ന് 2500 രൂപയും പഞ്ചായത്തിന് പുറത്തുള്ളവരിൽ നിന്ന് 3000 രൂപയുമാണ് ഫീസായി ഈടാക്കുന്നത്. മലയോര ഗ്രാമമായ കിഴക്കഞ്ചേരിയിൽ ഈ സംരംഭം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.