തേനിടുക്കില്‍ സര്‍വീസ് റോഡ് മുടക്കി വാഹന പാര്‍ക്കിംഗ്.

വടക്കഞ്ചേരി: പോലീസിന്‍റെ നോ പാർക്കിംഗ് മുന്നറിയിപ്പു ബോർഡുകള്‍ക്കു പുല്ലുവില. റോഡുകളടച്ച്‌ വാഹന പാർക്കിംഗ്. വടക്കഞ്ചേരി തങ്കം ജംഗ്ഷനില്‍ നിന്നും തേനിടുക്ക് കമ്പ്യൂട്ടർ കോളജ് വഴിയുള്ള ദേശീയപാതയുടെ സർവീസ് റോഡിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്‌ തുടരുന്നത്.

രാത്രികാലങ്ങളില്‍ സർവീസ് റോഡ് പൂർണമായും അടയ്ക്കുംവിധമാണ് ചരക്കുലോറികള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിർത്തിയിടുക. ഇതുമൂലം സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഈ വാഹനങ്ങളെ മറികടക്കാൻ ദേശീയപാതയിലേക്കു കയറി വരണം. ഇത് വലിയ അപകടങ്ങള്‍ക്കും കാരണമാകും.

വാഹനങ്ങള്‍ നിർത്തിയിടുന്നതുമൂലം വലതുഭാഗത്തെ പോക്കറ്റ് റോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനോ അത്യാവശ്യങ്ങള്‍ക്ക് സർവീസ് റോഡിലേക്ക് കടക്കാനോ കഴിയാത്ത സ്ഥിതിയുമുണ്ട്.

നിറയെ വീടുകളുള്ള പോക്കറ്റ് റോഡുകള്‍ക്ക് മുന്നിലാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ നിർത്തുന്നത്. അത്യാവശ്യത്തിന് ഒരുവാഹനത്തിനും കടന്നുപോകാൻ ഇതുമൂലം കഴിയുന്നില്ലെന്നു വീട്ടുകാർ പരാതിപ്പെടുന്നു. ഇക്കാര്യം പലതവണ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനധികൃത പാർക്കിംഗിനു മാറ്റമില്ല. കഴിഞ്ഞദിവസം രാത്രി പോലീസെത്തി ഡ്രൈവർമാരെ വിളിച്ചുവരുത്തി വാഹനങ്ങള്‍ മാറ്റിയിട്ടാണ് പോക്കറ്റ് റോഡില്‍നിന്നും വാഹനം കയറിവരാൻ വഴിയൊരുക്കിയത്.

പിറ്റേദിവസം വീണ്ടും പഴയമട്ടിലായി. രാത്രിയില്‍ പോലീസ് വാഹനങ്ങളും പല തവണ ഇതുവഴി പോകുന്നുണ്ടെങ്കിലും പോലീസും എല്ലാം കണ്ടും കണ്ണടക്കുകയാണ്. ഇവിടുത്തെ റോഡുകളുടെ പ്രവേശന ഭാഗത്തെല്ലാം നോ പാർക്കിംഗ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പക്ഷെ, അതൊന്നും വാഹന യാത്രികർ ഗൗനിക്കുന്നില്ല. ഗെയ്റ്റുകള്‍ക്കും റോഡിലേക്കുള്ള പ്രവേശന ഭാഗത്തും വാഹനങ്ങള്‍ നിർത്തിയിടാൻ പാടില്ലെന്ന സാമാന്യബോധം പോലും ഇവിടെയുണ്ടാകുന്നില്ല.