പാലക്കുഴി മലയോര വാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തി.പാലക്കുഴി അഞ്ചുമുക്കിലെ തടയണക്കു താഴെ കൊന്നക്കല്‍കടവില്‍ ഇരുനില പവർഹൗസിന്‍റെ നിർമാണം പൂർത്തിയായി. തടയണയില്‍ നിന്നും 294 മീറ്റർ ദൂരത്തില്‍ ലോ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തില്‍ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ജൂണ്‍ മാസത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്‍റെ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്ബനിയുടെ ചീഫ് എൻജിനീയറും കെഎസ്‌ഇബി റിട്ട. ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു പറഞ്ഞു. പാലക്കുഴി പള്ളിക്കു സമീപം പത്ത് വർഷമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ ക്ലീനിംഗും പെയിന്‍റിംഗും നടത്തി അടുത്ത ദിവസം തന്നെ സ്ഥാപിക്കല്‍ തുടങ്ങും.നിരപ്പായ ഭൂപ്രദേശമായതിനാല്‍ ലോ പ്രഷർ പൈപ്പ് സ്ഥാപിക്കല്‍ എളുപ്പം നടക്കും. എന്നാല്‍ പിന്നീട് താഴേക്ക് കുത്തനെയുള്ള മലഞ്ചെരിവില്‍ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഗലാസികളെ എത്തിച്ചാണ് ഇത് ചെയ്യുക.വർഷത്തില്‍ 3.78 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതി വഴി ലക്ഷ്യം വച്ചിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് കൈമാറും. ഇതിനായുള്ള പോസ്റ്റുകളും ട്രാൻസ്ഫോർമർ സ്ഥാപിക്കലും നേരത്തെ തന്നെ നടത്തിയിരുന്നു. പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. ജൂണ്‍ മുതല്‍ ഏഴ് മാസകാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളില്‍ ജലലഭ്യതക്കനുസരിച്ചാകും ഉത്പാദനമെന്ന് എൻജിനീയർമാരായ ഷാരോണ്‍ സാം, ധന്യ എന്നിവർ പറഞ്ഞു. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദേശിച്ച പദ്ധതിക്ക് പിന്നീട് കോവിഡും വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് വനം വകുപ്പില്‍ നിന്നും അനുമതി വൈകിയതുമെല്ലാം തടസങ്ങളായി മാറി. പദ്ധതി കൈയെത്തും ദൂരത്തെത്തിയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ പാലക്കുഴിക്കാർ.
പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി ജൂണില്‍ കമ്മീഷൻ ചെയ്യും

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.