മംഗലംഡാം: നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ തുടങ്ങിയ മുടപ്പല്ലൂർ- മംഗലംഡാം റോഡ് നവീകരണം പാതിയിൽ നിലച്ചു. മംഗലംഡാം കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡരികിൽ ചാലെടുത്ത സ്ഥലങ്ങളിൽ ജല അതോറിറ്റിയും ശേഷിക്കുന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പും ടാറിങ് നടത്താനായിരുന്നു തീരുമാനം.
ചാലെടുത്ത സ്ഥലങ്ങളിൽ ജല അതോറിറ്റി ടാറിങ് തുടങ്ങിയെങ്കിലും മുഴുവൻ ദൂരത്തിലും ചെയ്തിട്ടില്ല. ജോലി പാതിയിൽ നിലച്ചതോടെ യാത്രാദുരിതവും തുടരുകയാണ്. അമിതഭാരം കയറ്റിയുള്ള ലോറികളുടെ ഓട്ടത്തെത്തുടർന്ന് പലയിടങ്ങളിലും റോഡുനിരപ്പ് താഴ്ന്നനിലയിലാണ്. ചിലയിടങ്ങളിൽ മെറ്റൽ റോഡിൽ ചിതറിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനയാത്രികർക്ക് ഭീഷണിയാവുന്നുണ്ട്.
മെറ്റലിൽത്തെന്നി വാഹനം വീഴുന്നുണ്ട്. കുടിവെള്ളപദ്ധതിക്കായി ചാലെടുത്ത ഭാഗങ്ങളിൽ റോഡ് തകർന്നിട്ടുള്ള സ്ഥലങ്ങളിലെല്ലാം ടാറിങ് ചെയ്തിട്ടുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. പൊതുമരാമത്ത് വകുപ്പ് 2.11 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജോലി ആരംഭിച്ചിട്ടില്ല. നടപടി പുരോഗമിക്കുന്നുണ്ടെന്നും ടാറിങ് ഉടൻ തുടങ്ങുമെന്നും പൊതുമരാമത്തുവകുപ്പ് അധികൃതർ പറഞ്ഞു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.