നെന്മാറ: നിർദിഷ്ട മലയോരഹൈവേ മലയോരമേഖല ഒഴിവാക്കി നിർമിക്കാൻ പദ്ധതി. അഞ്ചു റീച്ചുകള്‍ ആയാണ് പാലക്കാട് ജില്ലയില്‍ മലയോര ഹൈവേ നിർമാണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇതില്‍ അഞ്ചാം റീച്ച് ആയാണ് നെന്മാറ മേഖല ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നെന്മാറ മേഖലയില്‍ ഹൈവേ മലയോരമേഖലയെ ഒഴിവാക്കി കുമ്പളക്കോട്, വിത്തനശേരി മുതല്‍ വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെ സംസ്ഥാനപാതയിലേക്ക് ലയിപ്പിച്ച് നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇപ്രകാരം മലയോരഹൈവേ നിർമാണം ആരംഭിച്ചാല്‍ നെന്മാറ, അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ക്ക് മലയോരഹൈവേ സൗകര്യം ലഭ്യമല്ലാതാകും. നാലാംറീച്ചില്‍ തെന്മലയോരത്തുള്ള പൊതുമരാമത്തുപാതകളും പഞ്ചായത്തുപാതകളും നവീകരിച്ച് മലയോര ഹൈവേയാക്കാനായിരുന്നു പ്രാഥമികപഠനം നടത്തിയത്.
പനങ്ങാട്ടിരി നിന്നും എലവഞ്ചേരി, പറശേരി, കണ്ണോട് കൊടുവാള്‍പാറ, അളുവശേരി, പോക്കാൻമട വഴി പോത്തുണ്ടിയിലും പിന്നീട് കോതശേരി മാട്ടായി തളിപ്പാടം, കരിമ്പാറ, ഒലിപ്പാറ, കുളികടവ് വഴി മംഗലംഡാമിലും തുടർന്ന് വക്കാല, അമ്പിട്ടൻതരിശ്, കൊന്നക്കല്‍കടവ്, കോരഞ്ചിറ, കണക്കൻതുരുത്തി, വാല്‍ക്കുളമ്പ് വഴി പന്തലാംപാടം ദേശീയപാതയിലെത്തിക്കാനാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഇതുമാറ്റിയാണ് അഞ്ചാം റീച്ച് മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ കുമ്പളക്കോട് നിന്നും വിത്തനശേരി, നെന്മാറ, ചിറ്റിലഞ്ചേരി, വഴി വടക്കഞ്ചേരി തങ്കം ജംഗ്ഷനില്‍ എത്തിക്കുന്ന രീതിയില്‍ നിർമാണം നടത്താനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
എന്നാല്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ശബരിമല തീർഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസ്, കെ. ബാബു എംഎല്‍എക്ക് കഴിഞ്ഞദിവസം മറുപടി നല്‍കിയിരുന്നു.
എലവഞ്ചേരിയില്‍ നിന്നും കുമ്പളക്കോട് ഭാഗത്തേക്ക് പോകാതെ പോത്തുണ്ടി റോഡിലേക്ക് ബന്ധിപ്പിച്ചാല്‍ നെല്ലിയാമ്പതി റോഡിലേക്കും പോത്തുണ്ടിയില്‍ നിന്നും മംഗലംഡാം ടൂറിസ്റ്റ് സർക്യൂട്ട് റോഡിനും ഗ്രാമീണ വിനോദസഞ്ചാര മേഖലയ്ക്കും വൻ നേട്ടം ആകുമെന്ന് കണക്കുകൂട്ടുന്നു.
അഞ്ചാം റീച്ച് മലയോരമേഖലകളില്‍ കൂടി നിർമാണം നടത്തിയാല്‍ നിലവില്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ ഗതാഗതതിരക്ക് കുറയ്ക്കാനും മലയോര മേഖലകളില്‍ ഉള്ളവർക്ക് ദേശീയപാതയിലേക്ക് നെന്മാറ, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ, വടക്കഞ്ചേരി ടൗണുകളിലെ തിരക്കൊഴിവാക്കി കാർഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ തൃശൂർ, എറണാകുളം മാർക്കറ്റുകളിലേക്ക് എത്തിക്കാനും ഗ്രാമീണ മേഖലയുടെ മെച്ചപ്പെട്ട യാത്രാസൗകര്യവും ലഭ്യമാകും. നിലവില്‍ ഈ മേഖലയിലെ മിക്ക റൂട്ടുകളും ബസ് ഗതാഗതവും നിലവിലുള്ളതാണ്.
പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരിമേടുനിന്നും മുതലമട പഞ്ചായത്തിലെ നെടുമണി വരെയാണ് മൂന്നാം റീച്ചില്‍ നിർമാണത്തിന് പദ്ധതി ഇട്ടിരിക്കുന്നത്. കൊല്ലങ്കോട് പഞ്ചായത്തിലെ നെടുമണി മുതല്‍ ചീരണി, പയ്യലൂർ വഴി എലവഞ്ചേരി പഞ്ചായത്ത് പനങ്ങാട്ടിരി വഴി കുമ്പളക്കോട് വരെ നാലാം റീച്ചുമാണ് നിർമിക്കുന്നത്. നാലാം റീച്ചില്‍ മുതലമട പഞ്ചായത്ത് കാമ്ബ്രത്ത്ചള്ളയില്‍ നിന്നും ചുള്ളിയാർ ഡാം, നെടുമണി വഴി പനങ്ങാട്ടിരിയിലേക്ക് എത്തിയാല്‍ പഴനി, പൊള്ളാച്ചി യാത്രക്കാർക്ക് ചുങ്കം, ആനമല, വേട്ടക്കാരൻപുതൂർ, ചെമ്മണാമ്പതി, നെടുമണി വഴി പനങ്ങാട്ടിരിയിലേക്ക് എത്തിച്ചേരാൻ എളുപ്പവഴിയാകും. തിരിച്ച് പറമ്പിക്കുളം, വാല്‍പ്പാറ മേഖലയിലേക്കും ദൂരം കുറയ്ക്കാനാകും.
12 മീറ്റർ വീതിയില്‍ അഴുക്കുചാലോടുകൂടിയാണ് റോഡ് നിർമിക്കുക. ഇതില്‍ ഒൻപതുമീറ്റർ വീതിയില്‍ റോഡ് പൂർണമായും ടാറിംഗ് നടത്തും.
ആവശ്യമായ ഭാഗങ്ങളില്‍ സംരക്ഷണഭിത്തികളും നിർമിക്കും. കൈവരികളോടു കൂടിയ നടപ്പാതകള്‍, ബസ്ബേ, കാത്തിരിപ്പുകേന്ദ്രങ്ങള്‍ എന്നിവയുമൊരുക്കും.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.