നോക്കുകുത്തിയായി നെന്മാറയിലെ ഇ-വാഹന ചാര്‍ജിംഗ് സ്റ്റേഷൻ.

നെന്മാറ: കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറും, ചാർജിംഗ് ഉപകരണങ്ങളുമായി കെഎസ്‌ഇബിയുടെ നെന്മാറയിലെ ചാർജിംഗ് സ്റ്റേഷൻ. നെന്മാറയില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച്‌ വർഷങ്ങളായെങ്കിലും കാലഹരണപ്പെട്ട മോഡല്‍ ചാർജിംഗ് പിന്നുകളും മറ്റും സ്ഥാപിച്ചതിനാലാണ് ഇ – ചാർജിംഗ്കേന്ദ്രം നോക്കുകുത്തിയായി മാറിയത്.

സിസിഎസ്-2 മോഡല്‍ പിന്നുകളും അതിനു യോജിച്ച സോഫ്റ്റ് വെയറും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ള ഇ – കാറുകള്‍ക്ക് നെന്മാറ അയിനംപാടത്തുള്ള കെഎസ്‌ഇബി യുടെ ചാർജിംഗ് സ്റ്റേഷനില്‍ നിന്ന് ചാർജ് ചെയ്യാൻ കഴിയുകയുള്ളൂ. മൂന്ന് ചാർജിംഗ് ടെർമിനലുകള്‍ ഉള്ളതില്‍ ഒരെണ്ണം ഇ- ബൈക്കുകള്‍ക്ക് ഉള്ളവയാണ് ഇതിലും പഴയ സോഫ്റ്റ്‌വെയർ ആയതിനാല്‍ ഫാസ്റ്റ് ചാർജിംഗ് നടക്കുന്നില്ലെന്നും കൂടുതല്‍ സമയം ചാർജ് ചെയ്യുന്നതിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടെന്നും വാഹനഉടമകളും പരാതി പറയുന്നു. സബ് എൻജിനീയർ മുതല്‍ ചീഫ് എൻജിനീയർ വരെ ഇലക്‌ട്രിക് എൻജിനീയർമാരുള്ള സ്ഥാപനമാണ് വിദേശ സ്ഥാപനത്തില്‍ നിന്നും ക്വട്ടേഷൻ നല്‍കി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. കാലാനുസൃതമായി സോഫ്റ്റ്‌വെയർ പുതുക്കാനോ യന്ത്രസാമഗ്രികള്‍ മാറ്റാനോ അധികൃതർ തയ്യാറാകാത്തതിനാല്‍ ചാർജിംഗ് സ്റ്റേഷൻ വെറുതെ മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.

അപൂർവമായി ദീർഘദൂര വാഹനക്കാർ ചാർജ്ചെയ്യാൻ ഈ കേന്ദ്രത്തില്‍ കയറിയാല്‍ ഉടൻതന്നെ നിരാശയായി മടങ്ങി ഓണ്‍ലൈനില്‍ അടുത്ത ചാർജിംഗ് സ്റ്റേഷൻ എവിടെയെന്ന് അന്വേഷിക്കുന്നത് സ്ഥിരംകാഴ്ചയാണ്. വൈദ്യുതി ബോർഡ് അധികൃതർ ദീർഘവീക്ഷണത്തോടെ പുതിയ യന്ത്രസാമഗ്രികളും സോഫ്റ്റ്‌വെയറും ചാർജിംഗ് കേന്ദ്രത്തില്‍ സ്ഥാപിക്കും എന്ന പ്രതീക്ഷയിലാണ് ഇ- വാഹന ഉടമകള്‍.