നെല്ലിയമ്പതി നൂറടിയിലെ വെള്ളപ്പൊക്കത്തിന് പരിഹാരനടപടി ആരംഭിച്ചു

മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകി വീടുകളിലും കടകളിലും വെള്ളംകയറുന്നതിന് പരിഹാരമാകുന്നു. നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലൂടെ ഒഴുകുന്ന നൂറടിപ്പുഴയാണ് 2018-ലെ പ്രളയത്തിൽ മരങ്ങളും മണ്ണും ഒഴുകിയെത്തി മിക്കഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ടത്. പിന്നീട് ശക്തമായ മഴപെയ്യുമ്പോഴെല്ലാം പുഴ കവിഞ്ഞ് നൂറടിഭാഗത്തെ വീടുകളിലും കടകളിലും റിസോർട്ടുകളിലും ഉൾപ്പെടെ വെള്ളം കയറുമായിരുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തിയാണ്‌ 25 ലക്ഷം രൂപ ചെലവഴിച്ച് യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പുഴ വൃത്തിയാക്കുന്നത്.രണ്ടുവർഷംമുൻപ് എല്ലാ അംഗീകാരവും ലഭിച്ചെങ്കിലും യന്ത്രസാമഗ്രികൾ കൊണ്ടുപോകുന്നതിനും യന്ത്രമുപയോഗിച്ച് മണ്ണ് നീക്കുന്നതിനും വനംവകുപ്പ് അനുമതി നൽകാത്തതിനാൽ പദ്ധതി മുടങ്ങി. ഗ്രാമപ്പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ പി. സഹനാഥന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിൽ സമരം നടത്തിയിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് യന്ത്രമുപയോഗിക്കുന്നതിന് തീരുമാനമായത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കരാർനടപടികൾ പൂർത്തിയാക്കിയാണ് പുഴനവീകരണം തുടങ്ങിയത്”