വടക്കഞ്ചേരി: ചക്കക്ക് വിപണിയിൽ പ്രിയമേറിയെങ്കിലും വിലക്കുറവില്‍ തിരിച്ചടി നേരിടുകയാണ് കര്‍ഷകരും വ്യാപാരികളും. കടുത്ത വേനൽ ചൂടിൽ ചക്ക വിരിഞ്ഞു തുടങ്ങുമ്പോൾ തന്നെ കൊഴിയുന്നതും, ചൂടിനെ അതിജീവിച്ച് വളർച്ച മുരടിച്ചു നിൽക്കുന്നതും കർഷകരെ നിരാശരാക്കി.
പ്രതികൂല കാലാവസ്ഥയും വേണ്ടത്ര ഉത്പാദനം ഇല്ലാത്തതും ഇക്കുറി വിപണിക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ചക്കയുടെ ചില്ലറ വില്പന വില ഉയർന്നതാണെങ്കിലും മൊത്ത വില്പനവില കിലോക്ക് പത്ത് രൂപയായി താഴുന്ന സ്ഥിതിയുണ്ടെന്ന് വടക്കഞ്ചേരിയിലെ ചക്ക കയറ്റുമതികേന്ദ്രം ഉടമ ഷാഹുല്‍ ഹമീദ് പറഞ്ഞു.
ചക്ക കയറ്റുമതി സജീവമാകുമ്പോഴും മതിയായ വില ലഭിക്കാത്തത് കർഷകർക്കെന്നപ്പോലെ വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. ചക്കയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
വടക്കഞ്ചേരി ഉള്‍പ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇടിയൻ ചക്കക്കു പിന്നാലെ ഇപ്പോള്‍ മൂപ്പെത്തിയ ചക്കയുടെ കയറ്റുമതിയും ആരംഭിച്ചു. ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്.
ഒന്നു മുതല്‍ മൂന്നു കിലോ വരെയുള്ള ചക്കയാണ് കോല്‍ക്കത്തക്കാർക്ക് പ്രിയം. നാലുകിലോ മുതല്‍ എട്ട് കിലോ വരെയുള്ള ചക്ക നാഗ്പൂർ, ഭോപ്പാല്‍, ഇൻഡോർ എന്നിവിടങ്ങളിലേക്ക് കയറ്റിപ്പോകും. എട്ട് കിലോ മുതല്‍ 20 കിലോ വരെയുള്ള വലിയ ചക്ക ഉത്തർപ്രദേശിലാണ് വിറ്റഴിയുക. അര കിലോ മുതല്‍ ഒരു കിലോ വരെ വരുന്ന ചക്കയാണ് വിദേശികള്‍ക്ക് പ്രിയപ്പെട്ടതെന്ന് കാല്‍നൂറ്റാണ്ടായി ചക്ക, മാങ്ങ കയറ്റുമതി രംഗത്തുള്ള ഷാഹുല്‍ ഹമീദ് പറയുന്നു.
പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻചക്ക കയറ്റി പോകുന്നത്. ഔഷധമൂല്യം ഏറെയുള്ള ചക്ക മറുനാട്ടുകാർ അവരുടെ ഇഷ്ടഭോജ്യമാക്കി മാറ്റിക്കഴിഞ്ഞു. വടക്കഞ്ചേരി ദേശീയ പാതയുടെ വശങ്ങളിൽ പച്ചയും പഴുത്തതുമായ ചക്ക ചില്ലറ വിൽപ്പനക്കാർ ധാരാളമുണ്ട്.
സംസ്ഥാനത്തിന്‍റെ ഔദ്യോഗികഫലമായി ചക്കയെ ഉയർത്തിയതോടെ കേരളത്തിലും ചക്കക്കും ചക്ക ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാർ വളരെ കൂടിയിട്ടുണ്ട്. പോഷകങ്ങളുടെ കാര്യത്തില്‍ അതിസമ്പന്നയാണ് ചക്ക.
ജീവകങ്ങളും, മൂലകങ്ങളും, നാരുകളും സമൃദ്ധം. രോഗപ്രതിരോധശേഷിയിലും മുമ്പൻ. കാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിവുള്ള പൂർണമായും പ്രകൃതിദത്ത പഴം. പ്രമേഹത്തേയും കൊളസ്ട്രോളിനേയും പിടിച്ചുകെട്ടുന്ന പഴരാജൻ എന്ന നിലയിലും ചക്കയുടെ പ്രാധാന്യം വളരെയേറെയാണ്. പഴയ തലമുറ ജീവിതശൈലീ രോഗങ്ങളുടെ പിടിയില്‍പെടാതെ ദീർഘായുസോടെ ജീവിച്ചിരിക്കുന്നതിന്‍റെ രഹസ്യവും ഇത്തരം ഭക്ഷണമായിരുന്നെന്ന് കാലം തെളിയിക്കുകയാണ്.
രോഗങ്ങള്‍ പടരുന്നത് തടയണമെങ്കില്‍ ഇതെല്ലാം അനിവാര്യമായിമാറുന്ന സ്ഥിതിയായിട്ടുണ്ട്. വടക്കഞ്ചേരി, മംഗലംഡാം, കിഴക്കഞ്ചേരി മലയോരമേഖലയില്‍ കഴിഞ്ഞ വർഷങ്ങള്‍ക്കിടെ പ്ലാവ് കൃഷി വ്യാപകമായിട്ടുണ്ട്.
വാല്‍കുളമ്പ്, ചിറ്റ പോലെയുള്ള പ്രദേശങ്ങളില്‍ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് പ്ലാവിൻ തോട്ടങ്ങളാണിപ്പോള്‍. പുതിയ പ്ലാവിനങ്ങളും കൃഷിക്ക് പ്രോത്സാഹനമായി. മംഗലംഡാം പള്ളി അങ്കണത്തിൽ വിവിധ തരം പ്ലാവുകളുടെ നേഴ്സറി തന്നെയുണ്ട്.
വടക്കഞ്ചേരിക്ക് പുറമെ ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, തിരുവനന്തപുരം, കൊല്ലം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചക്ക കയറ്റുമതി കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.