പന്നിയങ്കര ടോൾ ഏപ്രിൽ ഒന്നുമുതൽ ആർക്കും സൗജന്യമില്ല

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ ഏപ്രിൽ ഒന്നുമുതൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുമെന്ന് കരാർ കമ്പനി. 7.5 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കുവരെ സൗജന്യം നൽകാമെന്ന തീരുമാനത്തിൽ കമ്പനി എത്തിയിരുന്നെങ്കിലും സർവകക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായില്ല. അതിനാൽ, ആർക്കും സൗജന്യം നൽകേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ഇതനുവദിക്കില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ജനകീയ സമരസമിതിയും രാഷ്ട്രീയസംഘടനകളും വ്യക്തമാക്കി.വെള്ളിയാഴ്ച കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ ചില രാഷ്ട്രീയകക്ഷി പ്രതിനിധികളും സംഘടനാ പ്രതിനിധികളും 10 കിലോമീറ്റർ സൗജന്യം വേണമെന്ന നിലപാടെടുത്തതോടെയാണ് തീരുമാനമെടുക്കാൻ കഴിയാതിരുന്നത്. 7.5 കിലോമീറ്റർ സൗജന്യമെന്നത് എല്ലാവരും അംഗീകരിച്ച് ഈ മാസം 25-നകം അറിയിച്ചാൽ സമ്മതിക്കാമെന്ന് കരാർ കമ്പനി അറിയിച്ചു.നിലവിൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്ക് സൗജന്യം നൽകുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ ഇത് പിൻവലിക്കും. പ്രതിഷേധങ്ങളുയരാനുള്ള സാധ്യത മുന്നിൽക്കണ്ട് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കമ്പനിയുടെ തീരുമാനം.ടോൾവിഷയം പരിഹരിക്കുന്നതിനായി കെ. രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, കളക്ടർ ജി. പ്രിയങ്ക, ദേശീയപാതാ അതോറിറ്റി പ്രതിനിധി, കരാർ കമ്പനി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ യോഗത്തിലാണ് 7.5 കിലോമീറ്റർ സൗജന്യം നൽകാൻ കമ്പനി സമ്മതിച്ചത്. തുടർന്നുചേർന്ന സർവകക്ഷി യോഗത്തിൽ ഭിന്നാഭിപ്രായങ്ങളുയരുകയായിരുന്നു. 7.5 കിലോമീറ്ററിനും 10 കിലോമീറ്ററിനും ഇടയിലുള്ള പ്രധാന സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി സൗജന്യ പരിധി നിർണയിക്കാമെന്ന് സർവകക്ഷി യോഗത്തിൽ നിർദേശം വന്നെങ്കിലും കരാർ കമ്പനി ഇതംഗീകരിച്ചില്ല.