റോഡുതകര്‍ച്ച; നടപടി തേടി ആക്ഷൻ കമ്മിറ്റി അധികൃതര്‍ക്കു മുന്നില്‍

നെന്മാറ- ഒലിപ്പാറ റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അധികൃതർക്കു മുന്നിലെത്തി.കമ്മിറ്റി ഭാരവാഹികളായ കെ. രഘുകുമാർ, എസ്.എം. ഷാജഹാൻ, സി.കെ. രമേഷ്, കെ. ഹുസൈൻകുട്ടി, എസ്. ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ദേശീയപാത വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി.കെ. സുനില്‍കുമാറിനെ സന്ദർശിച്ച്‌ വിവരം നേരിട്ടുബോധിപ്പിച്ചത്. റോഡിന്‍റെ10.83 കിലോമീറ്റർ പണികള്‍ 2024 ഓഗസ്റ്റില്‍ അവസാനിക്കേണ്ടത് അവതാളത്തിലാക്കിയതിനുത്തരവാദി വാട്ടർ അഥോറിറ്റിയും കരാറുകാരനുമാണെന്നു മനസിലാക്കാൻ കഴിഞ്ഞതായി ഇവർ ധരിപ്പിച്ചു. പണികള്‍ പൂർത്തീകരിക്കുന്നതിനുമുമ്ബ് കുടിവെള്ള പൈപ്പുകള്‍ ഇടണമെന്ന് അധികാരികള്‍ നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈവർഷം ഫെബ്രുവരിവരെ സമയം ദീർഘിപ്പിച്ചത്. എന്നാല്‍ കാലാവധി നീട്ടിയതല്ലാതെ കുടിവെള്ള പൈപ്പുകളിടാനുള്ള നടപടികള്‍ വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല .അതോടൊപ്പം കരാറുകാരന്‍റെ അനാസ്ഥ കൂടിയായപ്പോള്‍ റോഡുപണി പാതിവഴിയിലായെന്നും ഭാരവാഹികള്‍ അറിയിച്ചു.