നാടിന്‍റെ കുടിനീര്‍ഖനിയായി പടങ്ങിട്ടത്തോടിലെ അത്ഭുത ഉറവ

ഓടംതോട് പടങ്ങിട്ടതോട് എന്ന സ്ഥലത്തെ അത്ഭുത ഉറവക്ക് പതിറ്റാണ്ടുകളേറെ പിന്നിടുമ്ബോഴും ഇന്നും ജലനിരപ്പില്‍ യാതൊരു മാറ്റവുമില്ലഓരോ വർഷവും വെള്ളം കൂടുന്നതല്ലാതെ കുറയുന്നില്ല. പാറ്റാനി റെയിൻസ് മാണിയുടെ പറമ്ബിലാണ് ഈ അത്ഭുത നീരുറവയുള്ളത്. ഏകദേശം അഞ്ചടി താഴ്ചയേ കിണർപോലെയുള്ള ഈ ചെറിയ കുഴിക്കുള്ളൂ. എന്നാല്‍ ഏതുസമയവും വെള്ളം നിറഞ്ഞൊഴുകും. അടിഭാഗം വിരിച്ച പാറയാണ്. എന്നുകരുതി വെള്ളം വറ്റിക്കാമെന്നുവിചാരിച്ചാല്‍ നടക്കില്ല. എത്രവെള്ളംമെടുത്താലും സെക്കന്‍റുകള്‍ക്കുള്ളില്‍ അതേനിരപ്പില്‍ വെള്ളം ഉയർന്നുവരുംകുഴിക്കു ചുറ്റും ഉറവയാണ്. ഇത്രയും വെള്ളം എവിടെനിന്നുവരുന്നു എന്നാർക്കും അറിയില്ല. മുകളിലെ തോട്ടങ്ങളിലും താഴെയുള്ള തോട്ടങ്ങളിലും വെള്ളമില്ല. ഫ്രിഡ്ജില്‍വച്ച വെള്ളംപോലെ തണുപ്പാണ് നട്ടുച്ചയ്ക്കും കുഴിയിലെ വെള്ളത്തിന്. വേനലിലും മഴക്കാലത്തും ഒരേ ജലനിരപ്പാണെന്നു സമീപവാസിയായ വാക്കണ്ടത്തില്‍ ബേബി (പൈലി)യും നാരായണനും പറഞ്ഞു. കുന്നിൻപുറത്തെ പറമ്ബിലാണ് ഈ വെള്ളക്കുഴിയുള്ളത്. ഇവിടെനിന്നു താഴേക്ക് നിരവധി വീട്ടുകാർ ഹോസിട്ട് വെള്ളം കൊണ്ടുപോകുന്നുണ്ട്. അരഏക്കറോളം വരുന്നതാണ് വെള്ളക്കുഴിയുള്ള പറമ്ബ്. ഈ പ്രദേശത്ത് മുഴുവൻ വെള്ളമാണ്. അരയടി താഴ്ത്തിയാല്‍ വെള്ളമാകും. ഇതിനാല്‍ പറമ്ബില്‍ കിളച്ചുള്ള പണികളൊന്നും നടത്താനാവില്ല. കവുങ്ങുകളാണ് പറമ്ബില്‍നിറയെ. അടയ്ക്ക വീണ് താനെ മുളച്ച്‌ പൊങ്ങും. പറമ്ബില്‍ അമർത്തിചവിട്ടിയാല്‍മതി കാല്‍ താഴ്ന്നുപോകും. ഇത്ര കടുത്ത വേനലിലും ഇതാണുസ്ഥിതി. പറമ്ബിനകത്ത് കടന്നാല്‍ ഏതോ തണുപ്പു നാട്ടിലെത്തിയ പ്രതീതിയാകും. പൊള്ളുന്ന ഉച്ചചൂടിലും ഇവിടെ തണുപ്പിന്‍റെ നനുത്ത സുഖമുണ്ട്. രാത്രിയായാല്‍ കാട്ടുപന്നികളുടെ കൂട്ടങ്ങളും തണുപ്പുതേടിയെത്തും. ഇവ വെള്ളത്തിലുംചെളിയിലും കിടന്നുരുണ്ട് പറമ്ബുമുഴുവൻ കുഴികളാണ്. ഇതിലെല്ലാം വെള്ളവും നിറഞ്ഞുനില്‍ക്കുന്നു. ഇവിടെ ജലസമൃദ്ധിയാണെങ്കിലും തൊട്ടുതാഴെയുള്ള പടങ്ങിട്ടതോട് വറ്റിവരണ്ടു വറച്ചട്ടി പോലെയാണിപ്പോള്‍