ചിറ്റിലഞ്ചേരി: മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ ക്ഷീരകർഷകർക്കായി നടപ്പാക്കിയ മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ധനസഹായം ഈ സാമ്പത്തികവർഷം ലഭിക്കില്ല.
ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്കാണ് മിൽക്ക് ഇൻസെന്റീവ് പദ്ധതിപ്രകാരം ഒരു ലിറ്ററിന് മൂന്ന് രൂപ അധികവിലയായി ലഭിക്കുക. ഇതിനായി ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതിയിൽ 7.50 ലക്ഷം രൂപ വകയിരുത്തുകയും പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ക്ഷീരകർഷകരുടെ ഗുണഭോക്തൃപട്ടിക ഗ്രാമസഭകൾ അംഗീകരിക്കുകയും ചെയ്തു. ഗ്രാമപ്പഞ്ചായത്തിന് അനുവദിച്ച പ്ലാൻ ഫണ്ട് പൂർണമായും ചെലവഴിക്കുന്നതിനായി വകയിരുത്തിയ തുക മറ്റ് പദ്ധതികളിലേക്ക് വകമാറ്റിയതായാണ് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.വി. കണ്ണൻ, ജയരാമകൃഷ്‌ണൻ, ആർ. ഷൈജു എന്നിവർ പറയുന്നത്.
മാർച്ച് അവസാനത്തിന് മുൻപ് തുക പൂർണമായും ചെലവഴിക്കുന്നതിനായി വകമാറ്റിയതിനാൽ ക്ഷീരകർഷകർക്ക് ധനസഹായം നഷ്‌ടപ്പെട്ടതായും അടിയന്തരമായി മിൽക്ക് ഇൻസെന്റീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ സെക്രട്ടറിക്ക് കത്ത് നൽകി.
ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കുന്നതിന് നിർവഹണോദ്യോഗസ്ഥർ ബില്ലു സമർപ്പിക്കാൻ വൈകി. കഴിഞ്ഞ ദിവസമാണ് ബില്ലുകൾ ലഭിച്ചത്. പ്ലാൻ ഫണ്ടുകൾ പൂർണമായും ചെലവഴിക്കുന്നതിന് മുൻഗണന നൽകിയതിനാൽ ഇനി പ്ലാൻ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് കർഷകർക്ക് ധനസഹായം നൽകുമെന്ന് മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അറിയിച്ചു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍