പന്നിയങ്കര ടോൾ പ്ലാസയിലെ പ്രാദേശികവാസികളുടെ ടോൾ സംബന്ധിച്ച് സമീപത്തെ ആറു പഞ്ചായത്തുകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കാൻ വേണ്ടി വിഷയം ലോകസഭയിൽ ഉന്നയിച്ച് ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ.

വടക്കഞ്ചേരി: നാഷണൽ ഹൈവേ-544ൽ സ്ഥിതി ചെയ്യുന്ന പന്നിയങ്കര ടോൾ പ്ലാസയുടെ പേരിൽ സമീപത്തുള്ള പഞ്ചായത്തുകളിലെ ആയിരക്കണക്കിന് നാട്ടുകാർക്ക് കടുത്ത സാമ്പത്തിക ഭാരമാണ് വരുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, കിഴക്കഞ്ചേരി, പുതുകോട്, പാണൻഞ്ചേരി എന്നീ ആറു പഞ്ചായത്തുകളിലെ ജനങ്ങൾ ജോലി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യയാത്രകൾക്കായി ഈ ടോൾ പ്ലാസ വഴി സഞ്ചരിക്കേണ്ടി വരുന്നു. ഇവർ ദീർഘദൂരയാത്രക്കാർ അല്ല; അതേസമയം, പകരം റോഡുകളില്ലാത്തതിനാൽ ദിവസവും ടോൾ ചാർജ് അടയ്ക്കേണ്ടി വരുന്നു.

ഇത് ഈ പ്രദേശത്തെ നാട്ടുകാർക്ക് അനാവശ്യ സാമ്പത്തികഭാരം സൃഷ്ടിക്കുകയും വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് ഈ 6 പഞ്ചായത്തിലെ നിവാസികൾക്ക് ടോൾ ഇളവ് അനുവദിക്കണമെന്നും ടോൾ നയങ്ങൾ പുനഃപരിശോധിച്ച് ടോൾ പ്ലാസയുടെ പരിസരപ്രദേശങ്ങളിലുള്ളവരെ അനാവശ്യ ടോളിൽ നിന്നും ഒഴിവാക്കണം എന്ന് ലോക്സഭയിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു.