തൂക്കുവേലി പ്രവർത്തിക്കുന്നില്ല; നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന.

മംഗലംഡാം: ഒന്നര മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത സോളർ തൂക്കുവേലികളുടെ പ്രവർത്തനം നിലച്ചു. ഇതോടെ നേർച്ചപ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. താഴത്തേൽ സണ്ണി, തുടിയൻ പ്ലാക്കൽ സിബി സക്കറിയാസ് എന്നിവരുടെ തോട്ടങ്ങളിലായി നൂറ്റൻപതോളം കുല വന്ന വാഴകളും, ഒരു വർഷം പ്രായമായ 30 ലധികം റബർ തൈകളും നശിപ്പിച്ചു.

സ്ഥിരമായി കാട്ടാനശല്യം നേരിട്ടിരുന്ന അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിൽ ഒന്നര മാസം മുമ്പാണ് വനംവകുപ്പ് തൂക്കുവേലികൾ സ്‌ഥാപിച്ചത്. എന്നാൽ നേർച്ചപ്പാറ മുതൽ ചെള്ളിക്കയം വരെയുള്ള രണ്ട് കിലോമീറ്റർ തൂക്കു വേലികൾ പ്രവർത്തനക്ഷമമല്ല.

ഇതിന്റെ പണികൾ നടക്കുന്ന തിനിടയിലാണ് കാട്ടാന കൃഷിയിടങ്ങളിലെത്തിയത്. ഇതിനു മുമ്പും തൂക്കു വേലി ഭേദിച്ച് ആന ജനവാസ മേഖലയിലെത്തിയിരു ന്നു.

കഴിഞ്ഞ മാസം സ്വകാര്യ വ്യക്‌തിയുടെ കാടുപിടിച്ചു കിടക്കുന്ന പത്ത് ഏക്കറോളം വരുന്ന പറമ്പിൽ ആനയുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടി സ്‌ഥാനത്തിൽ വനപാലകരെത്തി കാടിളക്കിയപ്പോൾ പത്തോളം ആനകളാണ് ഇവിടെ നിന്നിറങ്ങി ഓടിയത്. ഈ സ്ഥലത്തിൻ്റെ 500 മീറ്റർ മാത്രം അകലെയായാണ് 60 കുടുംബങ്ങൾ താമസിക്കുന്നത്.

കൊടും വനത്തിന് സമാനമായി കാടുപിടിച്ചു കിടക്കുന്ന ഈ സ്ഥലം വെട്ടിത്തെളിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

കൽച്ചാടി മുതൽ ചെള്ളിക്കയം വരെ 7 കിലോ മീറ്ററോളം ദൂരത്തെ തൂക്കുവേലികൾ അറ്റകുറ്റപ്പണികൾ നടത്താൻ വനം വകുപ്പിനു കീഴിൽ ഒരു വാച്ചർ മാത്രമാണ് നിലവിലുള്ളത്. അതീവ ദുർഘടം പിടിച്ച മേഖലയിൽ തൂക്കു വേലികളുടെ അറ്റകുറ്റപ്പണിക്കായി രണ്ടു പേരെ കൂടി അടിയന്തരമായി നിയമിക്കണമെന്ന് നേർച്ചപ്പാറ സംരക്ഷണ സമിതി നെന്മാറ ഡിഎഫ്‌ഒയോട് ആവ ശ്യപ്പെട്ടു.

തകരാറിലായ തൂക്കു വേലി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്‌ജമാക്കിയതായി മംഗലം ഡപ്യൂട്ടി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ കെ. എ. മുഹമ്മദ് ഹാഷിം അറിയിച്ചു.