നെന്മാറ: ഗതാഗതം തടസപ്പെടുത്തി നിർമാണ സാമഗ്രികള്‍ റോഡില്‍ ഇറക്കിയതിനെതിരേ പ്രതിഷേധം. അയിലൂർ പഞ്ചായത്തിലെ പുഞ്ചേരി നിവാസികളുടെ യാത്ര തടസപ്പെടുത്തിയാണ് റോഡില്‍ ദിവസങ്ങളായി നിർമാണ സാമഗ്രികള്‍ കൂട്ടിയിട്ടത്.
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പുഞ്ചേരി നഗറിലെ വീടുകളുടെ മണ്ണൊലിപ്പ് തടയുന്നതിനുള്ള കോണ്‍ക്രീറ്റ് കയ്യാല പണിയുന്നതിനാണ് നിർമാണ സാമഗ്രികള്‍ എത്തിച്ചിട്ടുള്ളത്.
ഗതാഗത തടസമുണ്ടായപ്പോള്‍ പ്രദേശവാസികള്‍ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് താത്കാലികമായി ഇതു നീക്കംചെയ്തെങ്കിലും വീണ്ടും ഇരുചക്ര വാഹനങ്ങള്‍ക്കുപോലും തടസമായി സാമഗ്രികള്‍ ഇറക്കുകയായിരുന്നു.
കഴിഞ്ഞദിവസം രോഗിയുമായി വന്ന വാഹനം വളരെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോയതെന്നു പ്രദേശവാസികള്‍ പറയുന്നു. പല വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. മാർച്ച് 31 പൂർത്തിയാക്കേണ്ട പ്രവൃത്തികള്‍ക്കായാണ് സാമഗ്രികള്‍ എത്തിച്ചതെങ്കിലും നാളിതുവരെ പണികള്‍ പൂർത്തിയായിട്ടുമില്ല.
ഗതാഗതം തടസപ്പെടുത്തി സാമഗ്രികള്‍ ദിവസങ്ങളായി റോഡില്‍ കിടക്കുന്നതിനാല്‍ പ്രദേശവാസികള്‍ രണ്ടുകിലോമീറ്ററോളം ചുറ്റിയാണ് യാത്ര ചെയ്യുന്നത്.
കരാറുകാരനെതിരേ പ്രദേശവാസികള്‍ അധികൃതർക്കു പരാതിയും നല്‍കിയിട്ടുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.