ആലത്തൂർ: പ്രൗഢമായ ആനയെഴുന്നള്ളത്തും അതുല്യമായ വാദ്യമേളങ്ങളും വെടിക്കെട്ടുമായി കുനിശ്ശേരി കുമ്മാട്ടി ഉത്സവം അവിസ്മരണീയമായി. സാമൂതിരിയുടെ പടയോട്ടത്തെയും നിളാതീരത്തെ മാമാങ്കത്തെയും അനുസ്മരിക്കുന്ന ചടങ്ങുകളോടെ ശനിയാഴ്ച പുലർച്ചെ ആഘോഷത്തിന് തുടക്കമായി.
വടക്കേത്തറ, തെക്കേത്തറ ദേശക്കാർ തമ്മിട്ടകലം, പെരുമ്പറ വാദ്യങ്ങളോടെ മന്ദ് മുഴക്കി. വടക്കേത്തറയിൽ 41 ഈട് മുഴക്കി. മാമാങ്കത്തിൽ സാമൂതിരി സൈന്യവും വള്ളുവക്കോനാതിരിയുടെ ചാവേറുകളും നടത്തിയ പോരാട്ടത്തിൻ്റെ പ്രതീകമായി കിഴക്കേത്തറക്കാർ തലവെട്ടിക്കളി നടത്തി. ഉച്ചയ്ക്ക് തെക്കേത്തറക്കാർ വാവുള്ള്യാമന്ദത്ത് ഈടുവെടി മുഴക്കി.
തെക്കേത്തറ ദേശത്ത് ഗുരുവായൂർ നന്ദനും വടക്കേത്തറ ദേശത്ത് നന്ദിലത്ത് ഗോപാലകൃഷ്ണനും തിടമ്പേറ്റിയതോടെ, ആന്തൂരെ പന്തലിൽനിന്നും മദ്ദളപ്പടിക്കൽനിന്നും അഞ്ച് ആനകൾവീതം അണിനിരന്ന എഴുന്നള്ളത്തുകൾക്ക് തുടക്കമായി. ചെട്ടിക്കുളത്തിന് ഇരുവശത്തുമായി എഴുന്നള്ളത്തുകൾ തിരനോട്ടവും തഴയേറ്റവും നടത്തവേ, പൂക്കുളങ്ങര ഭഗവതിയുടെയും അങ്കാള പരമേശ്വരിയുടെയും വാളും ചിലമ്പും തിരുവിളങ്ങാട്ടേക്ക് എഴുന്നള്ളിച്ചു.
കോലോത്തും പടിക്കൽനിന്ന് പഞ്ചവാദ്യത്തോടെ കൂട്ടിയെഴുന്നള്ളത്താരംഭിച്ചു.
ക്ഷേത്രാങ്കണത്തിലെ പന്തലിൽ എഴുന്നള്ളത്ത് അണിനിരന്നപ്പോൾ പാണ്ടിമേളം കൊട്ടിക്കയറി. ഏഴരയോടെ പകൽവേല കാവുകയറി. തുടർന്ന് കിഴക്കേത്തറ-തെക്കേത്തറ ദേശങ്ങൾ വെടിക്കെട്ടിന് തിരികൊളുത്തി. അത്താഴപൂജയ്ക്ക് ശേഷം, കൈപ്പിടി വായന ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്കുശേഷം കോലം കയറ്റി.
പഞ്ചവാദ്യത്തോടെ വിശ്വകർമജരുടെ പൊയ്ക്കുതിരമേൽ ഭഗവതി രാവേലയ്ക്കെഴുന്നള്ളി.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.