ആലത്തൂർ: വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന് (34) 3 വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട് മുത്തശ്ശി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല.
ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി വിനോദിന്റെ മകള്‍ നക്ഷത്രയുടെ മാലയാണ് മോഷ്ടിച്ചത്. മാലയ്ക്ക് മുക്കാല്‍ പവന് തൂക്കം വരും. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.
മോഷ്ടിച്ച മാല പോലീസിനെ കണ്ടതോടെ വിഴുങ്ങിയ മുത്തപ്പനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ വാർഡില്‍ പോലീസ് നിരീക്ഷണത്തില്‍ കിടത്തിയശേഷം പഴം നല്കുന്നു. എക്സ്റേയില്‍ മാല വയറിനുള്ളില്‍ സ്ഥിരീകരിച്ചെങ്കിലും വയറിളക്കാനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. പഴംനല്‍കി മാല പുറത്തെത്തിക്കാനുള്ള ശ്രമമാണ് രണ്ടുദിവസമായി നടക്കുന്നത്.
നിശ്ചിത ഇടവേളകളില്‍ എക്സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുന്നുണ്ട്. ദഹിക്കുന്ന വസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടുദിവസംകൊണ്ട് താഴേക്കിറങ്ങിവരുമെന്നാണ് പ്രതീക്ഷയെന്ന് ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന് പറഞ്ഞു. അതുവരെ പോലീസ് സ്പെഷ്യല്‍ ഡ്യൂട്ടി തുടരും. മാലകിട്ടിയശേഷമേ കേസിന്റെ തുടര്‍നടപടി ആരംഭിക്കൂ.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.