January 15, 2026

നെന്മാറ-പുളിഞ്ചോട് അപകടം കവർന്നത് ഒരു കുടുംബത്തിന്റെ അത്താണിയെ.

നെന്മാറ: മേലാർകോട് പുളിഞ്ചോടിനു സമീപമുണ്ടായ കാർ അപകടത്തിൽ ചേരാമംഗലം നാപ്പൻപൊറ്റ ബാലസുബ്രഹ്മണ്യൻ മരിച്ചതോടെ ഒരു കുടുംബത്തിന്റെ അത്താണിയാണു നഷ്ടമായത്. ബാലസുബ്രഹ്മണ്യന്റെ വരുമാനത്തിലായിരുന്നു ഭാര്യയും 3 പെൺമക്കളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്.

കെട്ടിടനിർമാണത്തൊഴിലാളിയായ ബാലസുബ്രഹ്മണ്യൻ പണികുറവുള്ള സമയമായതിനാലാണു രണ്ടു മാസത്തേക്കായി പഴക്കച്ചവടവും ചായക്കടയും തുടങ്ങിയത്. നല്ലൊരു വീടുപോലും ഇവർക്ക് ഇല്ല. 4 സെന്റ് സ്ഥലത്ത് ഒറ്റമുറിയിലാണ് ഇവർ താമസിക്കുന്നത്. ഭാര്യ രമ്യ അടുത്തകാലത്താണു തൊഴിലുറപ്പിനു പോയിത്തുടങ്ങിയത്.

മൂത്ത മകൾ കനിഷ്ക ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർസെക്കൻഡറി സ്കൂളിൽ ഇനി പത്താം ക്ലാസിലേക്കാണ്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിലേക്കാണ് രണ്ടാമത്തെ മകൾ തഷ്ടിക, ചെറിയ മകൾ അനുഷ്ക മേലാർകോട് കെഎയുപി സ്കൂളിൽ ആറാംക്ലാസിലേക്ക്.

ഇവരുടെ പഠനച്ചെലവിനും, കുടുംബച്ചെലവിനും മറ്റുമായി നല്ലൊരു തുക തന്നെ വേണ്ടി വരുമെന്നതിനാൽ ഈ കുടുംബം ഇനി എന്തുചെയ്യുമെന്നുള്ള ആശങ്കയും നാട്ടുകാർക്കിടയിലുണ്ട്. സാമ്പത്തികമായി വളരെ പ്രയാസത്തിലുള്ള കുടുംബമാണ്. ഇതിനിടെയാണ് കുടുംംബനാഥന്റെ അപ്രതീക്ഷിത വിയോഗം.