സൗജന്യം അനുവദിക്കണം; പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രതിഷേധം തുടങ്ങി.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രതിഷേധം തുടങ്ങി. പ്രദേശവാസികൾക്കുള്ള സൗജന്യദൂരപരിധി, നാലുക്ര ഒട്ടോറിക്ഷകൾക്കും സ്‌കൂൾ വാഹനങ്ങൾക്കുമുള്ള സൗജന്യം തുടങ്ങിയ വിഷയങ്ങളിൽ സർവകക്ഷിയോഗത്തിലെടുത്ത തീരുമാനങ്ങൾ കരാർ കമ്പനി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ കരാർ കമ്പനി പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത സർവകക്ഷിയോഗത്തിൽ പ്രദേശവാസികളുടെ സൗജന്യത്തിനായി എഡിഎം നിർണയിച്ച സ്ഥലങ്ങൾ കരാർ കമ്പനി അംഗീകരിച്ചിരുന്നു. 6.7 കിലോമീറ്ററിനും 9.4 കിലോമീറ്ററിനും ഇടയിലായിരുന്നു സ്ഥലങ്ങൾ.

നാലുചക്ര ഓട്ടോറിക്ഷകൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ യോഗം കഴിഞ്ഞതിന്റെ അടുത്ത ദിവസം മുതൽ കരാർ കമ്പനി നിലപാട് മാറ്റി. 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മാത്രം സൗജന്യം നൽകി മറ്റുള്ളവരിൽ നിന്ന് ടോൾ പിരിവ് തുടങ്ങി. നാലുചക്ര ഓട്ടോറിക്ഷകൾക്കും ടോൾ ഈടാക്കി. യുഡിഎഫിന്റെ നേതൃത്വത്തിൽ ടോൾ കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയും വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ ടോൾ കേന്ദ്രത്തിനു മുൻപിൽ പന്തംകൊളുത്തിയും പ്രതിഷേധിച്ചു.

യുഡിഎഫ് സമരം വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. എം. ദിലീപ് ഉദ്ഘാടനം ചെയ്‌തു. സുരേഷ്‌ വേലായുധൻ അധ്യക്ഷനായി. സി. ചന്ദ്രൻ, ചാർളി മാത്യു, വി.എം. സെയ്തലവി, റെജി കെ. മാത്യു, കെ.എം. ശശീന്ദ്രൻ, ബാബു മാധവൻ, എം.കെ. ശ്രീനിവാസൻ, കെ. സുദേവൻ തുടങ്ങിയവർ സംസാരിച്ചു. പന്തംകൊളുത്തി പ്രതിഷേധം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജീജോ അറയ്ക്കൽ അധ്യക്ഷനായി. സി.കെ. അച്യുതൻ, സുരേഷ് വേലായുധൻ, കെ. ശിവദാസ്, സതീഷ് ചാക്കോ, ജനാർദനൻ താളിക്കോട്, വർഗീസ് കെ. തോമസ്, സുലൈമാൻ കാസിം, സുനിൽ ചിറമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.