വടക്കഞ്ചേരി: കരിമഞ്ഞളിലെ ഏറ്റവും മുന്തിയ ഇനമായ വാടാർ മഞ്ഞള്‍ കൃഷിചെയ്ത് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ കൊല്ലംകുടിയില്‍ എല്‍ദോ. ഹോട്ടല്‍ ഡയാനക്കടുത്തുള്ള ഗാന്ധിഗ്രാമത്തിലെ എല്‍ദോയുടെ വീടിനുമുന്നിലെ ചെടിചട്ടികളിലാണ് ഈ അപൂർവമഞ്ഞള്‍ ഇനം വളരുന്നത്.
വിത്തുനട്ട് നാലോ അഞ്ചോ വർഷം കഴിഞ്ഞ് പറിച്ചെടുക്കുന്ന വാടാർമഞ്ഞളിനാണ് വിലയും ഗുണവും കൂടുതലെന്ന് എല്‍ദോ പറഞ്ഞു. പച്ചക്ക് തന്നെ ഇതിന് കിലോക്ക് 1000 രൂപ വിലയുണ്ട്.
പൂജാകർമങ്ങള്‍ക്കും ഔഷധമരുന്നുകൂട്ടുകള്‍ക്കുമായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. വാടാർമഞ്ഞളിന്‍റെ 100 ഗ്രാം വിത്തിനുതന്നെ പതിനായിരത്തോളം രൂപ വിലയുണ്ടെന്ന് പറയുന്നു. അതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കരിമഞ്ഞള്‍ കൃഷി വ്യാപകമല്ല. ഓണ്‍ലൈൻ വിപണിയാണ് ഇതിനുള്ളത്.
ഇലകളുടെ നടുക്ക് കറുത്ത വരകളാണ് കരിമഞ്ഞളിന്‍റെ പ്രധാന ലക്ഷണം. മഞ്ഞള്‍ മുറിച്ചാല്‍ മഞ്ഞക്കളറിനു പകരം കറുപ്പ് കലർന്ന നീല നിറമാണെന്നതും ഇതിന്‍റെ സവിശേഷതയാണ്. മലഞ്ചരക്ക് ഇനങ്ങളില്‍ ഇക്കുറി സാധാരണ ഉണക്കമഞ്ഞള്‍ വില നന്നേ കുറവായിരുന്നുവെന്ന് എല്‍ദോ പറഞ്ഞു. കിലോക്ക് 180 രൂപയാണ് വില. കഴിഞ്ഞവർഷം ഇത് 230 രൂപ വരെ ഉണ്ടായിരുന്നു.
ചുക്ക് വിലയും കർഷകർക്ക് താങ്ങായില്ല. കിലോക്ക് 250 രൂപയായി. കർണാടകയില്‍ ഇഞ്ചികൃഷി വ്യാപകമായതാണ് ചുക്കുവില ഇടിയാൻ കാരണമായത്. തമിഴ്നാട്ടില്‍ നിന്നുള്ള കപ്പ വരവ് വർധിച്ചതോടെ വാട്ടുകപ്പവിലയും കുറഞ്ഞു. കിലോയ്ക്ക് 60 രൂപയായി.
കശുവണ്ടിവിലയും കർഷകർക്ക് അനുകൂലമല്ല. 150 രൂപയാണ് കശുവണ്ടി വില. നാടൻ മഞ്ഞളിന് വിലകുറവാണെങ്കിലും ഇക്കുറി മഞ്ഞള്‍ക്ഷാമം ഉണ്ടാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ആവശ്യക്കാർ കൂടുതലായതിനാല്‍ ഉണക്കമഞ്ഞളിന് വിലകൂടാനും സാധ്യതയുണ്ടെന്ന് പറയുന്നു. കുരുമുളക് വിലയാണ് വലിയ ഇടിവില്ലാതെ തുടരുന്നത്. കുരുമുളകിനിപ്പോള്‍ ഭേദപ്പെട്ട വിലയുണ്ട്.
Similar News
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.
താരമായി ‘താമരച്ചക്ക’; ഒരു പ്ലാവിൽ ആയിരത്തിലധികം കുഞ്ഞൻ ചക്കയെന്ന അത്ഭുതം വിളയിച്ച് സാജു.
നെല്‍പ്പാടങ്ങളില്‍ വെള്ളംകയറി വൈക്കോല്‍ നശിച്ചു; കര്‍ഷകര്‍ക്കു കണ്ണീര്.