മംഗലംഡാം : പൊൻകണ്ടം സെയ്ന്റ് ജോസഫ് പള്ളിയിൽ മാർപാപ്പയുടെ ഒരു അനുഗ്രഹസന്ദേശം ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യ നെറ്റ് സീറോ കാർബൺ ഇടവകയെന്ന (ഹരിത ഇടവക) നേട്ടം കൈവരിച്ചതിന് ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന ആശീർവാദത്തോടെ മാർപാപ്പ നേരിട്ടയച്ച സന്ദേശമാണത്.ഈ നേട്ടത്തിന് വഴിതുറന്നത് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമായിരുന്നു. പരിസ്ഥിതിസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള ‘ലൗദാത്തോ സി’ (അങ്ങേയ്ക്ക് സ്തുതി) എന്ന ചാക്രികലേഖനത്തിലെ ആഹ്വാനമാണ് ഇടവകസമൂഹം ഏറ്റെടുത്തത്.വികാരി ഫാ. സജി ജോസഫ് വട്ടുകളത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. കാർബൺ ബഹിർഗമനവും ആഗിരണവും തുല്യതയിലെത്തിക്കുന്നതാണ് നെറ്റ് സീറോ കാർബൺ പദ്ധതി. ഇതിനായി ഇടവകയിലെ 150 കുടുംബങ്ങൾ കൈകോർത്തു. വാഹനങ്ങളുടെ ഉപയോഗം ക്രമീകരിച്ചും വീട്ടുവളപ്പിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിയന്ത്രിച്ചുമാണ് പ്രധാനമായും കാർബൺ പുറന്തള്ളൽ കുറച്ചത്. വൈദ്യുതി ഉപയോഗവും കുറച്ചു. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കി. കൃഷി വ്യാപിപ്പിച്ച് പച്ചപ്പിന്റെ ആവരണം വർധിപ്പിച്ചു.ഇന്റർനാഷണൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ചിന്റെ മാനദണ്ഡപ്രകാരം ‘സൈൻ’ എന്ന എൻജിഒ നടത്തിയ ഗ്രീൻ ഓഡിറ്റിങ്ങിൽ ഇടവക നെറ്റ് സീറോ കാർബൺ എത്തിയതായി കണ്ടെത്തി. തുടർന്ന് 2023-ൽ ബെംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ വത്തിക്കാൻ കാര്യാലയം പൊൻകണ്ടത്തെ നെറ്റ് സീറോ കാർബൺ ഇടവകയായി പ്രഖ്യാപിച്ചു.പ്രകൃതിസംരക്ഷണം ജീവിതശൈലിയാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ പൊൻകണ്ടം ഇടവകക്കാർ തുടരുകയാണ്. മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് പൊൻകണ്ടം പള്ളിയിൽ പ്രത്യേകപ്രാർഥനകൾ നടന്നു.

Similar News
പ്രകൃതിയുടെ കരുതൽ: പാത്തിപ്പാറയിൽ പാറക്കുഴിയിലെ നീരുറവ ഒരിക്കലും വറ്റാറില്ല
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്മരം.