മംഗലംഡാം രണ്ടാം പുഴക്ക് സമീപം കടുവ പിടിച്ചതായി കരുതുന്ന മാനിൻ്റെ ജഡം കണ്ടെത്തി

മംഗലംഡാം : രണ്ടാംപുഴ വെറ്റിലത്തോട് സ്വകാര്യ തോട്ടത്തിലാണ് മാനിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച കാലത്ത് തോട്ടത്തിൽ ടാപ്പിങിന് പോയ തൊഴിലാളികളാണ് മാനിൻ്റെ അവശിഷ്ടങ്ങൾ കണ്ടത്. വിവരമറിയച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയാണോ പുലിയാണോ ചെന്നായയാണോ മാനിനെ പിടിച്ചതെന്ന് പറയാൻ പാകത്തിനുള്ള തെളിവുകളൊന്നും പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നും മേഖലയിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ഒരാഴ്ചയായി പരിസര പ്രദേശങ്ങളിൽ പല ഭാഗത്തായും കടുവയെ പലരും നേരിട്ട് കണ്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച രാത്രി 11 മണിയോടെ വെറ്റിലത്തോട് പാലത്തിന് സമീപം കടുവ റോഡിലൂടെ നടന്നു പോകുന്നത് കണ്ടെന്ന് കടപ്പാറ വള്ളി മല ഷിബിൻ പറഞ്ഞു. ആശുപത്രിയിൽ പോയി തിരിച്ചു പോകുകയായിരുന്നു ഷിബിനും അമ്മ സാലിയും. കടപ്പാറ താന്നിക്കൽ ജയിംസിൻ്റെ വളർത്തുനായയെയും കടുവ പിടിച്ചു കൊണ്ടു പോയി. മാനിനെ പിടിച്ചത് കടുവ തന്നെയാണെന്നും ഒരാഴ്ചയായി ജനങ്ങൾ വലിയ ഭയപ്പാടിലാണെന്നും അടിയന്തിരമായി കൂട് സ്ഥാപിച്ച് കടുവയെ പിടി കൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വാർഡ് മെംബർ ബീന ഷാജിയും നാട്ടുകാരും ആവശ്യപ്പെട്ടു.