കരിമ്പാറയില്‍ കാട്ടാനകള്‍ നാശം തുടരുന്നു

നെന്മാറ : കരിമ്പാറ, കല്‍ച്ചാടി, ചള്ള, പോവുപാറ മേഖലകളില്‍ കാട്ടാന ജനവാസ മേഖലകളില്‍ എത്തുന്നത് തുടരുന്നു. കരിമ്പാറ നിരങ്ങൻപാറ ഭാഗത്ത് പ്ലാവുകളുള്ള കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ വേലിയും കയ്യാലയും തകർത്ത് നാശം ഉണ്ടാക്കി. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ വിവിധ ജനവാസ മേഖലകളില്‍ ഒറ്റയായും കൂട്ടമായും കാട്ടാനകള്‍ എത്തി കൃഷിനാശം വരുത്തി. കല്‍ച്ചാടിയിലെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കൂട്ടമായും ഒറ്റയായും ഇറങ്ങി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നാശം വരുത്തി.ചള്ളയില്‍ സുദേവൻ, ലത ദമ്പതികളുടെ വിറക്സൂക്ഷിപ്പ് കേന്ദ്രം കാട്ടാന തകർത്തു. പൂഞ്ചേരികളം ചെന്താമരാക്ഷ (കുഞ്ഞൻ) ന്‍റെ കമുകുകളും, തെങ്ങും മറിച്ചിട്ട് നശിപ്പിച്ചു. വീപ്പനാടൻ ജോർജ്, എലിസബത്ത് എന്നിവരുടെ കമുകുകളും നശിപ്പിച്ചിട്ടുണ്ട്. നെന്മാറ വനം ഡിവിഷനിലെ അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് സെക്ഷനില്‍പ്പെട്ട പ്രദേശമാണിത്. ഒറ്റതിരിഞ്ഞും കൂട്ടമായും എത്തിയ കാട്ടാനകള്‍ ആള്‍ത്താമസമില്ലാത്ത കൃഷിയിടങ്ങളിലാണ് ചവിട്ടി കുഴച്ച്‌ കൂടുതല്‍ കൃഷിനാശം വരുത്തിയിരിക്കുന്നത്. മഴക്കാലത്ത് കാട്ടാനക്കൂട്ടം കൂട്ടമായി സഞ്ചരിച്ചതോടെ മിക്ക കൃഷിയിടങ്ങളും ചെളിക്കുളമായിട്ടുണ്ട്. റബർ തോട്ടങ്ങളിലെ പ്ലാറ്റ് ഫോമുകള്‍ കാട്ടാനകള്‍ നടന്ന് മണ്ണിടിഞ്ഞു നാശംവരുത്തി. ഉറവ വെള്ളം പോകാനുള്ള നീർച്ചാലുകളും കാട്ടാനകള്‍ നടന്നുനീങ്ങിയതോടെ തടസപ്പെട്ട് കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാൻ ഇടയാക്കി. വനമേഖലയോട് ചേർന്നുള്ള സൗരോർജ വേലിയും പ്രവർത്തിക്കുന്നില്ലെന്ന് മേഖലയിലെ കർഷകർ പരാതി പറഞ്ഞു. രാത്രികാലങ്ങളില്‍ തുടർച്ചയായ കനത്തമഴയുള്ളതിനാല്‍ വൈദ്യുതിതടസം ഉണ്ടാക്കുന്നതും ആനകളുടെ സ്വൈര്യവിഹാരത്തിന് സൗകര്യമാകുന്നുണ്ടെന്ന് വീപ്പനാടൻ ജോർജ് പറഞ്ഞു. മഴയുടെ ശബ്ദത്തില്‍ വീടിനുസമീപം ആനകള്‍ എത്തുന്നത് അറിയുന്നില്ലെന്നും വീട്ടമ്മയായ ലത പരാതി പറഞ്ഞു.