January 15, 2026

കടുവപ്പേടി; കടപ്പാറയിൽ ക്യാമറകൾ സ്ഥാപിച്ചു

മംഗലംഡാം : കടുവപ്പേടി നിലനിൽക്കുന്ന കടപ്പാറയിൽ നിരീക്ഷണത്തിനായി വനംവകുപ്പ് രണ്ട്‌ ക്യാമറകൾ സ്ഥാപിച്ചു. കടുവ കൊന്നതെന്നുകരുതുന്ന മാനിന്റെ ജഡം കണ്ടെത്തിയ രണ്ടാംപുഴ വെറ്റിലത്തോടിനുസമീപമാണ് ക്യാമറകൾ സ്ഥാപിച്ചത്.ബുധനാഴ്ച പുലർച്ചെ ടാപ്പിങ്ങിനുപോയ തൊഴിലാളികളാണ് റബ്ബർത്തോട്ടത്തിൽ മാനിന്റെ ജഡം കണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. മാനിന്റെ ജഡംകൂടി കണ്ടതോടെയാണ് ക്യാമറ സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.അതേസമയം, കടുവയാണോ മാനിനെ കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കടുവയോ പുലിയോ ചെന്നായയോ ആകാമെന്നാണ്‌ വനംവകുപ്പിന്റെ നിഗമനം.ക്യാമറകൾ സ്ഥാപിച്ചതിനൊപ്പം കൂട് സ്ഥാപിക്കണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു. ക്യാമറ നിരീക്ഷിച്ച് മൃഗം ഏതെന്ന്‌ കണ്ടെത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മംഗലംഡാം ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.