മംഗലംഡാം : മംഗലംഡാം നിറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ഷട്ടറുകള്‍ തുറക്കുന്ന സ്ഥിതിയിലെത്തും. ജൂണ്‍ ആദ്യത്തില്‍തന്നെ വെള്ളംനിറഞ്ഞു മംഗലംഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്ന സ്ഥിതിയുണ്ടാകുന്നത് ഡാമിന്‍റെ 69 വർഷത്തെ ചരിത്രത്തില്‍ ആദ്യമാകും. ഇതിനുമുൻപ് ഒന്നാം പ്രളയവർഷമെന്നു വിശേഷിപ്പിച്ച 2018 ലാണ് ജൂണ്‍ 14ന് വെള്ളംനിറഞ്ഞ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ രണ്ടാംപ്രളയ വർഷമായ 2019ല്‍ ഓഗസ്റ്റ് എട്ടിനാണ് ഷട്ടറുകള്‍ തുറന്നത്.
തുടർന്നുള്ള വർഷങ്ങളില്‍ ഡാമിന്‍റെ പരമാവധി സംഭരണശേഷി എത്താതെതന്നെ സുരക്ഷിത ജലനിരപ്പ് എന്നനിലയില്‍ ഷട്ടറുകള്‍ നേരത്തെ തുറക്കുന്ന സ്ഥിതിയിലേക്കുമാറി. 2020ല്‍ ഓഗസ്റ്റ് മൂന്നിനും 2021ല്‍ ജൂലൈ 15നും 2022 ജൂലൈ എട്ടിനുമാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്.
കഴിഞ്ഞവർഷം ജൂലൈ 15നാണ് മുഴുവൻ ഷട്ടറുകളും തുറന്നത്. 2018 ജൂണ്‍ 14ന് വെള്ളംനിറഞ്ഞ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നപ്പോള്‍തന്നെ ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
പ്രകൃതിയിലെ മാറ്റങ്ങളെ വലിയ ഭീതിയോടെയായിരുന്നു അന്നു ജനംകണ്ടത്. സമാന സ്ഥിതിയാണ് ഈ വർഷവുമുണ്ടാകുന്നത്. ഇനി കാലവർഷം കൂടുതല്‍ കടുത്താല്‍ പ്രളയ സാഹചര്യവുമുണ്ടാകാം.
2007ലാണ് അതിവർഷമുണ്ടായി മലയോരങ്ങളില്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടലുണ്ടായത്. 2007 ജൂലൈ 15ന് 255 മില്ലീമീറ്റർ മഴയാണ് ഒറ്റദിവസം മംഗലംഡാമില്‍ രേഖപ്പെടുത്തിയത്. ഈ മഴക്കണക്ക് റെക്കോർഡ് മഴയുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിക്കവാറും വർഷങ്ങളില്‍ ജൂലൈ മാസത്തിലാണ് മംഗലംഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.
77.88 മീറ്ററാണ് മംഗലംഡാമിന്‍റെ പരമാവധി സംഭരണശേഷി. സമുദ്ര നിരപ്പുമായി കണക്കാക്കുമ്പോള്‍ 18 മീറ്റർ വെള്ളം മാത്രമാണ് ഡാമിലുള്ളത്.
ജലനിരപ്പ് 76.51 മീറ്ററില്‍ എത്തുമ്ബോള്‍ ആദ്യ മുന്നറിയിപ്പും 77.28 മീറ്ററില്‍ എത്തുമ്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കി ഡാം ഷട്ടർ തുറക്കുകയാണ് ചെയ്തിരുന്നത്.
എന്നാല്‍ 2018, 2019 എന്നീ വർഷങ്ങളിലെ പ്രളയത്തിനുശേഷം ഇത്രയും ജലനിരപ്പ് എത്തുംമുൻപേ ഷട്ടറുകള്‍തുറന്ന് വെള്ളം ക്രമീകരിക്കുന്ന റൂള്‍കർവ് സിസ്റ്റം പിന്തുടരുന്നുണ്ട്. ഇതുമൂലം ഷട്ടറുകള്‍ ഒന്നിച്ചുതുറന്ന് പുഴയിലേക്ക് വെള്ളംഒഴുക്കുന്നതു കുറക്കാനും പുഴയോരങ്ങള്‍ മുങ്ങിയുള്ള വലിയ നാശനഷ്ടങ്ങള്‍ കുറക്കാനും സഹായകമാണ്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.