കിഴക്കഞ്ചേരി : പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനിജലവൈദ്യുത പദ്ധതിയുടെ പ്രധാന പ്രവൃത്തിയായ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങി. പാലക്കുഴി അഞ്ചുമുക്കിലെ ചെക്ക്ഡാമില്നിന്നും മലഞ്ചെരിവിലൂടെ താഴെ കൊന്നക്കല്ക്കടവിലെ പവർഹൗസിലേക്കാണ് പൈപ്പ് സ്ഥാപിക്കുന്നത്. കൊന്നക്കല്‍കടവില്‍ പവർഹൗസിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.തടയണയില്‍ നിന്നും 294 മീറ്റർ ദൂരത്തില്‍ ലൊ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തില്‍ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്. 2026 ജൂണ്‍ മാസത്തിനു മുൻപ് പദ്ധതി വഴി വൈദ്യുതി ഉത്പാദനം സാധ്യമാകും. ഇതിനാല്‍ തന്നെ തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മനോഹരക്കാഴ്ചകള്‍ ഈ കാലവർഷം കഴിയുന്നതോടെ ഇനി കാണാമറയത്താകും. പിന്നെ പൈപ്പ് വഴിയാകും വെള്ളം താഴെയെത്തുക. വെള്ളച്ചാട്ടം ഓർമയായി മാറും. വെള്ളച്ചാട്ടത്തിലേക്കുള്ള വെള്ളം ചെക്ക്ഡാമില്‍ തടഞ്ഞു നിർത്തിയാണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്. ഉത്പാദനം കഴിഞ്ഞ് വെള്ളം ഇതിനടുത്ത തോടുവഴി തന്നെ നിലവിലുള്ളതു പോലെ താഴേക്കൊഴുകി മംഗലംപുഴയിലെത്തും. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് നിർമാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുള്ളത്.പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി എന്ന പേരില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. താരതമ്യേന നിരപ്പായ ഭൂപ്രദേശത്തെ ലോപ്രഷർ പൈപ്പ് സ്ഥാപിക്കല്‍ വലിയ പ്രയാസകരമാകില്ല. എന്നാല്‍ പിന്നീട് താഴേക്ക് കുത്തനെയുള്ള മലഞ്ചെരിവില്‍ ഹൈപ്രഷർ പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് ഏറെ ശ്രമകരമെന്ന് അധികൃതർ പറഞ്ഞു. ഖലാസികളെ എത്തിച്ചാണ് ഇതുചെയ്യുക.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു