മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ വള്ളിയോട് കരിപ്പാലിക്കു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കടയിലേക്കു പാഞ്ഞുകയറി അപകടം.

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ വള്ളിയോട് കരിപ്പാലിക്കു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി കടയ്ക്കു മുന്നില്‍ നിന്നയാളെയും, ബൈക്കിനേയും ഇടിച്ചുതെറിപ്പിച്ചു. ആലത്തൂർ വേങ്ങന്നൂർ സ്വദേശി രാജേഷി (44) നാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കരിപ്പാലിയിലെ ടൈല്‍ കമ്പനിയില്‍ വന്ന രാജേഷ് പിന്നീട് ഭക്ഷണം കഴിക്കുന്നതിനായി സമീപത്തെ ഹോട്ടലിന്‍റെ മുൻവശത്ത് വണ്ടി നിർത്തി ഇറങ്ങി നില്‍ക്കുമ്പോള്‍ വടക്കഞ്ചേരി ഭാഗത്തുനിന്നും മുടപ്പല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കനാലിലേക്ക് ബൈക്കും, രാജേഷും തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രാജേഷിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാലാകാം വാഹനം നിയന്ത്രണം വിട്ടതെന്നാണ് കരുതുന്നത്.