നെന്മാറ: കരിമ്പാറ മേഖലയിലെ കൃഷിയിടങ്ങളില്‍ മൂന്നാം ദിവസവും കാട്ടാനകള്‍ ഇറങ്ങി നാശംവരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടില്‍ ഷാജഹാന്‍റെ അഞ്ചുതെങ്ങുകളാണ് കഴിഞ്ഞ രാത്രിയില്‍ വീണ്ടും കാട്ടാന നശിപ്പിച്ചത്.
നാലു തെങ്ങുകള്‍ പൂർണമായും നിലത്തു തള്ളിയിടാതെ പട്ടകളും, മൃദുവായ തൂമ്പും മാത്രം തിന്നു നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസം കാട്ടാനകള്‍ കൃഷിനാശം ഉണ്ടാക്കിയ പൂഞ്ചേരി കല്‍ച്ചാടി, കോപ്പൻകുളമ്പ്, പ്രദേശങ്ങളില്‍ കാട്ടാന പ്രതിരോധത്തിനായി രാത്രി ആനയെ അകറ്റാൻ വനം വാച്ചർമാർ സന്ധ്യ മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ പടക്കം പൊട്ടിച്ച് കാവലിരുന്നു.
എന്നാല്‍ കല്‍ച്ചാടി, ചള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വനം വാച്ചർമാരെ കബളിപ്പിച്ച് പതിവുവഴിവിട്ട് പൂഞ്ചേരി ജെഫ്രിമട വഴി രാത്രി പൂഞ്ചേരിയില്‍ എത്തി തെങ്ങിൻതോപ്പില്‍ വ്യാപക നാശം ഉണ്ടാക്കി.
ഒരേക്കറിലേറെ വിസ്തീർണമുള്ള തെങ്ങിൻതോപ്പ് ഏകദേശം തരിപ്പണമായ നിലയിലാണ്. അത്യുത്പാദനശേഷിയുള്ള ഗംഗാബോട്ടം ഇനത്തില്‍പ്പെട്ട കായ്ച്ചു തുടങ്ങിയ തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. തുടർച്ചയായ കൃഷിനാശത്തില്‍ ഷാജഹാൻ കൃഷിയിടം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമീപത്തെ പല കർഷകരും മുൻകാലങ്ങളില്‍ കാട്ടാന ആക്രമണത്തില്‍ പ്രദേശത്തെ തെങ്ങ്, കമുക്, വാഴ കൃഷികള്‍ ഉപേക്ഷിച്ച് റബർ പോലുള്ള കൃഷികളിലേക്ക് മാറിയിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി വിവിധ മേഖലകളില്‍ മാറിമാറി കാട്ടാന വരുന്നുണ്ടെങ്കിലും വാച്ചർമാർ സന്ധ്യയായാല്‍ പടക്കം പൊട്ടിച്ച് പോകുന്നതല്ലാതെ മറ്റ് പ്രതിരോധനടപടികള്‍ ഒന്നും വനംവകുപ്പിന്‍റെ ഭാഗത്തുനിന്നില്ലെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.
Similar News
വടക്കഞ്ചേരി ടൗണിലും, ഗ്രാമത്തിലും തെരുവുനായയുടെ ശല്യം രൂക്ഷം, നായ്ക്കളെ പിടികൂടാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
വടക്കഞ്ചേരിയിൽ 4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; കടിയേറ്റവരിൽ 4 വയസ്സുകാരനും.
കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.