മംഗലംഡാം : വഴിയോരത്തെ തോട്ടത്തില്‍ സോളാർ ഫെൻസിംഗ് പകല്‍സമയവും ഓണ്‍ ചെയ്തിടുന്നതു അപകടസാധ്യത ഉണ്ടാക്കുന്നതായി പരാതി. മംഗലംഡാം കരിങ്കയത്താണ് കുട്ടികള്‍ ഉള്‍പ്പെടെ ആളുകള്‍ നടന്നുപോകുന്ന വഴിയോരത്തെ തോട്ടത്തിലെ ഫെൻസിംഗ് പകലും ഓഫാക്കാതെ അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ ഫെൻസിംഗിലേക്ക് മരം വീണതിനെ തുടർന്ന് വഴി നടക്കുന്നവർക്ക് ഷോക്കേല്‍ക്കുന്ന സ്ഥിതിയാണെന്നു പ്രദേശവാസിയായ സോണി പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന ഫെൻസിംഗില്‍ തട്ടിയാണ് മരം വഴിയിലേക്കു വീണിട്ടുള്ളത്. തോട്ടംഉടമ പ്രദേശത്തുകാരനല്ലാത്തതിനാല്‍ വല്ലപ്പോഴും തോട്ടത്തിലേക്കു വരുമ്പോള്‍ മാത്രമാണ് ലൈൻ ഓഫാക്കുക.അതല്ലെങ്കില്‍ പകലും വേലിയില്‍ കറന്‍റുണ്ടാകും. കുട്ടികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന വഴിയാണിത്. കുട്ടികള്‍ കളിച്ച് കമ്പിയില്‍ പിടിച്ചാല്‍ അപകടമുണ്ടാകും. കെഎസ്‌ഇബി അധികൃതരോടു വിവരം പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കാൻപറഞ്ഞ് കൈയൊഴിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറുടെ അനുമതി വേണമെന്നു നിർദ്ദേശമുണ്ടെങ്കിലും ഫെൻസിംഗ് അപകടാവസ്ഥയിലാകുമ്പോള്‍ സ്ഥലത്ത് വന്നു പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.മേഖലയില്‍ പല തോട്ടങ്ങളിലും പകല്‍ സമയം വേലികളില്‍ വൈദ്യുതി പ്രവാഹമുണ്ട്. പ്രദേശത്തെ കുറിച്ച് അറിയാത്തവർ പ്രാഥമികാവശ്യങ്ങള്‍ക്കൊ മറ്റോ തോട്ടങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കണം.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു