റോഡിൽ പാതാളക്കുഴികൾ; അപകടം ഒഴിയാതെ മംഗലം പാലം ജംഗ്ഷൻ.

വടക്കഞ്ചേരി: പാലക്കാട്‌ ദേശീയ പാതയിലേക്കും, ഗോവിന്ദാപുരം സംസ്ഥാന പാതയിലേക്കും കടക്കാനുള്ള പ്രധാന കേന്ദ്രമായ മംഗലം പാലം ജങ്ഷനിൽ യാതൊരു സുരക്ഷയുമില്ല. ഇവിടെ നിന്ന് വടക്കഞ്ചേരിയിലേക്കു പ്രവേശിക്കണമെങ്കിൽ പാതാളക്കുഴികൾ കടക്കണം. വടക്കഞ്ചേരി മംഗലംപാലം ബസാർ റോഡിലാണ് വൻ കുഴികൾ രൂപപ്പെട്ടത്. ഇവിടെ വഴിവിളക്കുകളോ, ട്രാഫിക് സിഗ്നലുകളോ ഇല്ല.

കഴിഞ്ഞ ദിവസവും കുഴിയിൽ പെട്ട് 3 അപകടങ്ങൾ നടന്നതായി സമീപവാസികൾ പറഞ്ഞു. ലോഡുമായി വന്ന പെട്ടിഓട്ടോറിക്ഷ കുഴിയിൽ വീണു കേടുപാടു സംഭവിച്ചു. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നിന്നെത്തിയ കാർ ബൈക്കിലിടിച്ചും അപകടമുണ്ടായി. പാലക്കാടു നിന്നു വന്ന മിനി വാൻ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറിയും അപകടമുണ്ടായി.

ഇവിടെയുള്ള കുഴികൾ അടയ്ക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും പഞ്ചായത്തോ പൊതുമരാമത്തു വകുപ്പോ സ്വീകരിക്കുന്നില്ല. രാത്രി കാലങ്ങളിൽ ഇവിടെ ഇരുട്ടാണ്. വഴിവിളക്കുകൾ സ്‌ഥാപിക്കാനും ബന്ധപ്പെട്ടവർ തയാറായിട്ടില്ല.

ദേശീയപാത പാലക്കാട് നിന്നു വരുന്ന വാഹനങ്ങളും മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതവഴി വരുന്ന വാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നു വരുന്ന വാഹനങ്ങളും ഈ ഭാഗത്തു നിന്നാണ് തിരിയുന്നത്. എന്നിട്ടും സിഗ്നൽ ലൈറ്റുകൾ സ്‌ഥാപിക്കാൻ പോലും അധികൃതർ തയാറായിട്ടില്ല.

മംഗലം പാലത്ത് എംഎസ് മോട്ടേഴ്സിന് സമീപവും, വള്ളിയോടും, കരിപ്പാലിയിലും റോഡിലെ കുഴികൾ അപകടമുണ്ടാക്കുന്നു. കരിപ്പാലിയിൽ പാളയം റോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത്
പുല്ല് വളർന്ന് നിൽക്കുന്നതിനാൽ സംസ്‌ഥാന പാതവഴി വരുന്ന വാഹനങ്ങൾ കാണാതെ റോഡ് കുറുകെ കടക്കുന്നതും അപകടമുണ്ടാക്കുന്നു. സ്കൂളിലേക്കുള്ള പാതയായിട്ടും ഇവിടെയുള്ള തടസ്സങ്ങൾ നീക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം മഴയുള്ള സമയത്ത് പാതയിൽ ക്വാറി വേസ്റ്റ് ഇട്ടാണ് കുഴികൾ മൂടിയത്. ഇതു വീണ്ടും തുറന്നു വന്നുകൊണ്ടിരിക്കുകയാണ്. വള്ളിയോട് തേവർകാട് കൺവൻഷൻ സെൻ്ററിന് മുൻപിലും വലിയ കുഴിയുണ്ട്.