നെന്മാറ-ഒലിപ്പാറ റോഡിന്‍റെ പണിക്കായി എത്തിച്ച യന്ത്രങ്ങള്‍ കടത്താനുള്ള നീക്കം തടഞ്ഞു

നെന്മാറ : രണ്ടുവർഷമായിട്ടും നവീകരണ പ്രവർത്തികള്‍ മുടങ്ങിക്കിടക്കുന്ന നെന്മാറ-ഒലിപ്പാറ റോഡിന്‍റെ പണിക്കായി എത്തിച്ച യന്ത്രസാമഗ്രികള്‍ കടത്തിക്കൊണ്ടു പോകാൻ കോണ്‍ട്രാക്ടറുടെ നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു. നെന്മാറ-ഒലിപ്പാറ റോഡില്‍ നവീകരണത്തിന്‍റെ പേരില്‍ രണ്ടുവർഷമായി റോഡ് പൊളിച്ചിടുകയും പകരം സംവിധാനം ഉണ്ടാക്കുകയോ യാത്രാദുരിതത്തിന് പരിഹാരം കാണുകയോ ചെയ്യാതിരിക്കുന്നതിനിടയാണ് ഇവിടുത്തെ പണി നിർത്തിവെച്ച്‌ ഇടുക്കിയിലെ പണി ആരംഭിക്കാൻ യന്ത്രസാമഗ്രികള്‍ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. റോഡിന്‍റെ പണി ദ്രുതഗതിയില്‍ ആക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്‌ സമരം ചെയ്യുന്നതിനിടയാണ് കോണ്‍ട്രാക്ടറുടെ പുതിയ നീക്കം. കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ ഇടുക്കി രാജാക്കാട് നടക്കുന്ന വർക്ക് സൈറ്റിലേക്ക് ഇവിടെയുള്ള വിവിധതരം യന്ത്രങ്ങള്‍ കയറ്റി കൊണ്ടുപോകാൻ എത്തിയ ലോറിയാണ് തടഞ്ഞത്.തുടർന്ന് വാഹനവും വാഹനത്തില്‍ വന്നവരേയും കമ്മിറ്റിക്കാർ തടയുകയും ബന്ധപ്പെട്ട അധികാരികളോ കരാറുകാരുമായി ബന്ധപ്പെട്ടവരോ വന്നിട്ടേ വാഹനം വിട്ടുനല്‍കൂ എന്ന് കമ്മിറ്റിക്കാർ നിലപാടെടുത്തു. പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് നെന്മാറ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ഫോണിലൂടെ നടത്തിയ ചർച്ചയെ തുടർന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം വിഭാഗം എഇ നേരിട്ടെത്തി. കരാറുകാരനുമായി ഫോണിലൂടെ സംസാരിച്ച്‌ ഉടൻതന്നെ കുഴികള്‍ അടച്ച്‌ തുടങ്ങാമെന്നും റോഡ്നിർമാണത്തിന് കൊണ്ടുവന്ന വാഹനങ്ങള്‍ ഇവിടുത്തെ പണിപൂർത്തീകരിക്കാതെ കൊണ്ടുപോകില്ലെന്നും ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. റോഡ്പണി പുനരാരംഭിക്കാത്തതിനാല്‍ പ്രാദേശത്തുണ്ടാകുന്ന ക്രമസമാധാന പ്രശ്നം ആവശ്യമെങ്കില്‍ ജില്ലാകളക്ടറെ അറിയിക്കുമെന്നും നെന്മാറ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. രഘുകുമാർ, ജനറല്‍ കണ്‍വീനർ എസ്.എം.ഷാജഹാൻ, എസ്. ഉമ്മർ, കെ. ശ്യാംസുന്ദർ, രാജേന്ദ്രൻ, വി.പി. രാജു , ശ്രീജേഷ്, ഷാജി, വിനേഷ്, വി.എം. സ്കറിയ, വി. ദാമോദരൻ, കെ.സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ട്രാക്ടറുടെ നീക്കം തടഞ്ഞത്.