ആലത്തൂർ-വാഴക്കോട് പാതയുടെ പേര് സംസ്ഥാനപാത, അവസ്ഥ ഗ്രാമീണപാതയുടേത്.

ആലത്തൂർ: കഴിഞ്ഞ ദിവസം കുഴിയിൽ ചാടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത സ്‌കൂട്ടറിലെ യാത്രക്കാരായ കുടുംബം കഷ്ട‌ിച്ച് രക്ഷപ്പെടുകയായിരുന്നു. വലിയ വണ്ടികൾ കുഴിയിലൂടെ ചാടിച്ച് വിട്ടുപോകുമ്പോൾ മഴവെള്ളം കടയിലേക്ക് തെറിക്കും. പാത നന്നാക്കാൻ ആരുമില്ല. ഞങ്ങൾ മണ്ണിട്ട് കുഴിനികത്തി, മുന്നറിയിപ്പായി പുല്ല് നടുകയായിരുന്നു എന്ന് നാട്ടുകാരും, വ്യാപാരികളും പറഞ്ഞു.

ആലത്തൂർ-വാഴക്കോട് സംസ്ഥാനപാതയിൽ മലമൽമുക്കിനും പ്ലാഴിക്കുമിടയിൽ പാതയുടെ അവസ്ഥ ഗ്രാമീണപാതകളെക്കാൾ കഷ്ട്‌ടമാണ്. വാഹനങ്ങൾക്കും യാത്രക്കാർക്കും കെണിയായി പലയിടത്തും വലിയ കുഴികളുണ്ട്. മലമൽമുക്ക്, വെസ്റ്റ് കാട്ടുശ്ശേരി എൽപി സ്‌കൂൾ, ചുണ്ടക്കാട്, വക്കീൽപടി, പരക്കാട്ടുകാവ്, കല്ലേപ്പുള്ളി, പാടൂർ, തോണിക്കടവ് എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു.

ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. കല്ലേപ്പുള്ളി രക്കൻകുളത്ത് കലുങ്കിൽ രൂപപ്പെട്ട കുഴി അപകടകരമായി. കല്ലും മണ്ണുമിട്ട് താത്കാലികമായി നികത്തിയെങ്കിലും കുഴി കൂടുതൽ അപകടാവസ്ഥയിലായി. മഴയുടെ ഇടവേളയിൽ പാതയിൽ കുഴിയടയ്ക്കൽ നടത്തിയെങ്കിലും വീണ്ടും പഴയ സ്ഥിതിയായി.

ജൽജീവൻ മിഷൻ പൈപ്പിടാൻ ചാലുകീറിയശേഷം തകർന്നുകിടന്ന പാത പൂർവസ്ഥിതിയിലാക്കിയെങ്കിലും കുഴികളും വിള്ളലും രൂപപ്പെടുകയായിരുന്നു. വിള്ളൽ പൊളിച്ച് റീടാർ ചെയ്യുകയും പലതവണ കുഴിയടയ്ക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ലക്ഷങ്ങൾ അധിക ചെലവ് വരികയും ചെയ്തു.

പ്ലാഴി കഴിഞ്ഞാൽ സംസ്ഥാന നിലവാരം

പാലക്കാട്-തൃശ്ശൂർ ജില്ലാ അതിർത്തിയിലെ പ്ലാഴിപാലം പിന്നിട്ടാൽ ആലത്തൂർ-വാഴക്കോട് പാത സംസ്ഥാനപാതയുടെ നിലവാരത്തിലേക്ക് ഉയരും. നിലവാരമുള്ള ബിഎംബിസി ടാറിങ്, സ്ഥിരമായി പാത തകരുന്ന ഇടങ്ങളിൽ കോൺക്രീറ്റിങ്, അഴുക്കുചാൽ, മികച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. കെഎസ്‌ടിപി പദ്ധതിയിൽ നിർമിച്ച പാതയിൽ വാഴക്കോട് വരെ മികച്ച യാത്രാസുഖം. ചേലക്കര എഎൽഎ എന്ന നിലയിൽ കെ. രാധാകൃഷ്ണൻ നേടിയെടുത്ത പദ്ധതി. പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിലേക്ക് എത്തുമ്പോൾ പാതയിൽ ദുരിതയാത്ര. ചേലക്കരയും തരൂരും ഉൾപ്പെടുന്ന ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എംപി എന്ന നിലയിൽ പ്ലാഴി പാലംമുതൽ മലമൽമുക്ക് വരെയുള്ള ഭാഗംകൂടി ഉന്നതനിലവാരത്തിലാക്കാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ജീവൻരക്ഷാപാത

ആലത്തൂർ-വാഴക്കോട് സംസ്ഥാനപാത പാലക്കാടിൻ്റെ ജീവൻ രക്ഷാപാത കൂടിയാണ്. ആലത്തൂർ-ചിറ്റൂർ ഭാഗത്തുനിന്ന് തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആംബുലൻസുകൾ പോകുന്ന പ്രധാന പാത. വാളയാർ-മണ്ണുത്തി ദേശീയപാതയുടെ പണി നടന്നിരുന്നപ്പോൾ കുതിരാനിലെ കുരുക്ക് ഒഴിവാക്കി പോകാൻ ബദൽ പാതയായിരുന്നു ഇത്.

ദേശീയപാതയിൽ അടിപ്പാത നിർമാണം മൂലം ഗതാഗതക്കുരുക്ക് പതിവായതോടെ ആലത്തൂർ-വാഴക്കോട് പാതയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി, ഷൊർണൂർ ഭാഗത്തേക്കുള്ള യാത്രക്കാരും ഏറെയുണ്ട്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.