January 15, 2026

പൊത്തപ്പാറയിൽ പൊടി ശല്യം രൂക്ഷം;കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു

വടക്കഞ്ചേരി : പൊത്തപ്പാറ-ചുവട്ടുപാടം റോഡിലെ പൊടി ശല്യം മൂലം കോൺക്രീറ്റ് പ്ലാന്റിലേക്കെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.ചുവട്ടുപാടത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ ക്രഷർ,ദേശീയ പാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പി എസ് ടി റെഡി മിക്സിങ് പ്ലാന്റ് എന്നിവയിൽ നിന്നും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കൊപ്പം ഉയരുന്ന പൊടി തടുക്കാനാകാതെ വന്നതോടെയാണ് നാട്ടുകാർകോൺക്രീറ്റ് പ്ലാന്റിന് മുൻപിൽ പ്രതിഷേധിച്ചത്.വെള്ളിയാഴ്ച നാട്ടുകാർ സംഘടിച്ച് പ്ലാന്റിലെത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ശനിയാഴ്ച ലോറിയിൽ കൊണ്ട് പോകുകയായിരുന്ന മെറ്റൽ റോഡിലൂടെ മുഴുവൻ തെറിച്ച് വീണതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തുകയായിരുന്നു.പൊത്തപ്പാറ-ചുവട്ടുപാടം റോഡിൽ പ്ലാന്റ് മുതൽ ചുവട്ടുപാടം വരെയുള്ള റോഡിലും,ദേശീയ പാതയിലും മെറ്റൽ വീണു.നാട്ടുകാർ മുന്നറിയിപ്പുമായി റോഡിൽ ഇറങ്ങിയതോടെ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽ പെടാതെ രക്ഷയായി.ഹൈവേ പോലീസും സ്ഥലത്തെത്തി.പ്ലാന്റ് അധികൃതർ സ്ഥലത്തെത്തി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ ഇനി മുന്നോട്ട് പോകുകയോള്ളൂ എന്ന ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്.ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ പകലും രാത്രിയിലും ഇവിടേക്ക് ഭാരവാഹനങ്ങൾ എത്തുന്നതു മൂലം പാതക്കിരുവശവും,സമീപത്തുള്ള വീടുകളിലും പൊടി വന്ന് മൂടി.ചില വീട്ടുക്കാര്‍ സ്ഥലം മാറിപോകേണ്ട അവസ്ഥയിലാണ്.ഇവിടെയുള്ള പലർക്കും ശ്വാസ തടസം പതിവായി.ഗതാഗത മാര്‍ഗവും വഷളായി. വാഹനമോടിച്ച് റോഡിലൂടെയുള്ള സഞ്ചാരം തന്നെ ഏറെ ശ്രമകരം.ഇനിയും പൊടി തിന്ന് ജീവിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റോഡിൽ വെള്ളം തളിച്ചു പൊടി ശല്യം കുറയ്ക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.ആറ് മീറ്റർ വീതിയുള്ള റോഡിലൂടെ പത്ത് ടൺ ഭാരമുള്ള വാഹനങ്ങൾ പോകാൻ അനുമതിയുള്ളപ്പോൾ ഇതിലൂടെ കടന്ന് പോകുന്നത് 70 ടൺ ഭാരമുള്ള വാഹനങ്ങളാണ്.അധികാരികളുടെ മൗനാനുവാദം ഇവർക്കുണ്ടെന്ന ആക്ഷേപം ശക്തമാണ്.ടോൾ നൽകാതെ കടന്ന് പോകുന്ന നിരവധി വാഹനങ്ങൾ പൊത്തപ്പാറ-ചുവട്ടുപാടം പാതയെയാണ് ആശ്രയിക്കുന്നത്.അവക്കൊപ്പം ക്രഷറിലേക്കും,കോൺക്രീറ്റ് പ്ലാന്റിലേക്കുമെത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ ഇവിടെ പൂർണ്ണമായും കുരിക്കിലാകും.പാതയുടെ വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 200 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ചുവട്ട്പാടം പൊത്തപ്പാറ ശുദ്ധ ജല വിതരണ പൈപ്പ് ഭാര വാഹനങ്ങൾ കയറി നിരന്തരം പൊട്ടുന്നതും കുടിവെള്ളം നിലക്കുന്നതും ഇവിടെ പതിവാണ്.തീർത്തും ഗ്രാമീണ മേഖലയായ ഇവിടുത്തെ എം സാന്റ് ക്രഷറും,കോൺക്രീറ്റ് പ്ലാന്റും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പൊല്യൂഷൻ കൺട്രോൾ ബോർഡിനും,ബന്ധപ്പെട്ട അധികാരികൾക്കും ഇത്‌ സംബന്ധിച്ച് ഭീമ ഹർജി കൊടുക്കാനുള്ള തയ്യാറിടുപ്പിലാണ് നാട്ടുകാർ.പ്രതിഷേധ സമരം വാർഡ് മെമ്പർ സുനിൽകുമാർ ചുവട്ടുപാടം ഉത്ഘാടനം ചെയ്തു. ജനകീയ സമര സമിതിപ്രസിഡന്റ് ജോർജ്‌ മുണ്ടക്കൽ അധ്യക്ഷതവഹിച്ചു,പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ്,ജനകീയ സമര സമിതി സെക്രട്ടറി ഷിബു ജോൺ, ട്രഷറർഎബി. കെ. സേവ്യർ,ആൽബർട്ട് തൈമറ്റം,ജോൺസൻ,ഷാജി വെങ്ങാപ്പിളി,ധനീഷ് ദാമോദരൻ,അരുൺ എസ്,അജീഷ് വർഗീസ്,സിജോ മാത്യു, ബാബു എ വി എന്നിവർ സംസാരിച്ചു.