മംഗലംഡാം : വലതുകര കനാലിന്റെ മക്കത്തിൽ അണക്കെട്ടിനോടുചേർന്ന് ചെറുകുന്നം പുഴയ്ക്കുകുറുകെയുള്ള കനാൽപ്പാലത്തിൻ്റെ ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതോടെ വലതുകര കനാൽവഴിയുള്ള ജലവിതരണം നിലച്ചു. കനാലിനെ ആശ്രയിച്ചുള്ള രണ്ടായിരത്തോളം ഹെക്ടറിലെ രണ്ടാംവിള നെൽക്കൃഷിയും ആശങ്കയിലായി.മംഗലംഡാംമുതൽ പാടൂർവരെ 25 കിലോമീറ്ററോളം നീളുന്നതാണ് വലതുകര കനാൽ. കനാലിൽ വർഷങ്ങളായി ചോർച്ച നിലനിന്നിരുന്നു. ചോർച്ച ശക്തിപ്പെട്ടതോടെ കനാൽ ഇടിയുകയായിരുന്നെന്നാണ് കരുതുന്നത്. വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാരദാ ഗോപിനാഥ്, മംഗലംഡാം വാർഡ് മെമ്പർ ഡിനോയ് കോമ്പാറ, ജലവിഭവ വകുപ്പ് മലമ്പുഴ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ സുമൻ ചന്ദ്രൻ, ആലത്തൂർ അസി. എക്സിക്യുട്ടീവ് എൻജിനിയർ ടി.പി. ശുഭ, മംഗലംഡാം അസിസ്റ്റൻ്റ് എൻജിനിയർ എ. ഗോകുൽ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി, അടിയന്തരയോഗം ചേർന്നു. ഇടിഞ്ഞഭാഗം താത്കാലികമായി മണ്ണിട്ടുയർത്തി ജലവിതരണം പുനരാരംഭിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.ചോർച്ചയുള്ള സ്ഥലങ്ങളേറെ മംഗലംഡാം ഇടത്-വലത് കനാലുകൾ കടന്നുപോകുന്നതിനിടയിലുള്ള വളയിൽപ്പുഴ, പുല്ലംപാടം, അണയ്ക്കപ്പാറ, പാണ്ടാംകോട്, കണ്ണമ്പ്ര എന്നിവിടങ്ങളിലുള്ള കനാൽപ്പാലങ്ങളിലെല്ലാം ചോർച്ചയുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തോളമായി തുക അനുവദിക്കാത്തതിനാൽ അറ്റകുറ്റപ്പണിയെല്ലാം മുടങ്ങിക്കിടക്കയാണ്. ഇടതുകര കനാലിൽ പള്ളിക്കാട് ഭാഗത്ത് 2023-ൽ കനാൽ ഇടിഞ്ഞിരുന്നു. മണൽച്ചാക്ക് അടുക്കി വെച്ച് താത്കാലികമായി നന്നാക്കിയെങ്കിലും കോൺക്രീറ്റുപയോഗിച്ച് ശാശ്വതമായി കെട്ടാനുള്ള നടപടിയായിട്ടില്ല.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു