മംഗലംഡാം : മംഗലംഡാം റിസര്‍വോയറിലെ മത്സ്യം വളര്‍ത്തല്‍ തൊഴിലാളികള്‍ നിത്യവൃത്തിക്ക് വക കണ്ടെത്താനാകാതെ ദുരിതകയത്തില്‍. റിസര്‍വോയറില്‍ നീര്നായ്ക്കള് പെരുകിയതാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള പട്ടികജാതി വര്‍ഗ്ഗ സഹകരണ സംഘത്തിലെ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നത്. അമ്പതും അറുപതും എണ്ണം വരുന്ന വലിയ കൂട്ടങ്ങളാണ് ഡാമിന്റെ പല ഭാഗങ്ങളിലായുള്ളത്. തൊഴിലാളികള്‍ വൈകീട്ട് വലയിട്ട് പിന്നെ പിറ്റെ ദിവസം പുലര്‍ച്ചെ മീന്‍ ശേഖരിക്കാന്‍ ചെല്ലുമ്പോള്‍ വല കടിച്ച് മുറിച്ച് വലിയ ദ്വാരങ്ങളാക്കിയിട്ടുണ്ടാകും. മത്സ്യങ്ങളെല്ലാം നീര് നായ്ക്കള്‍ തിന്ന് തീര്‍ത്ത് കുറച്ച് മുള്ളും മറ്റു അവശിഷ്ടങ്ങള്‍ മാത്രമെ ശേഷിക്കു എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
നീര്‍നായ്ക്കളുടെ തീറ്റക്കായി മത്സ്യം വളര്‍ത്തുന്നതു പോലെയായി ഡാമിലെ മത്സ്യക്കൃഷിയെന്ന് സംഘം പ്രസിഡന്റ് ചന്ദ്രന് പറയുന്നു. എട്ട് കിലോ വരെ തൂക്കം വരുന്ന കട്ട്ല പ്പോലെയുള്ള മത്സ്യങ്ങളാണ് നീര്നായ്ക്കള് വല കടിച്ച് കീറി അകത്താക്കുന്നത്. ആറ്, ഏഴ് വര്‍ഷം മുമ്പ് വിരലിലെണ്ണാവുന്നവ മാത്രമായിരുന്നത് ഇപ്പോള്‍ എണ്ണാന്‍ കഴിയാത്ത വിധം പെരുകി. നീര്‍നായ്ക്കളെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കുമെല്ലാം പല തവണ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായില്ല.
വംശനാശ ഭീഷണിയില്‍പ്പെട്ട ഇനമായതിനാല്‍ നീര്‍നായ്ക്കളെ മാറ്റാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. ഡാമില്‍ നേരത്തെയൊന്നും ഇവ ഉണ്ടായിരുന്നില്ല. ഡാമില്‍ ഇവ എങ്ങനെയെത്തി എന്നതും ദുരൂഹമാണ്. ഡാമിലെ മത്സ്യം വളര്‍ത്തല്‍ പദ്ധതി വഴിയാണ് സംഘത്തില്‍പ്പെട്ട 52 കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ വരുമാനം ഇല്ലാതായതോടെ പകുതിയിലേറെ പേരും മറ്റു തൊഴിലുകള്‍ തേടി പോയി. ഇപ്പോള്‍ 21 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇവര്‍ക്കു തന്നെ രാപകല്‍ അധ്വാനിച്ചാലും തൊഴിലുറപ്പിന്റെ കൂലി പോലും കിട്ടുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ചെയ്തുവരുന്ന തൊഴില്‍ എന്ന നിലക്കാണ് കുറച്ചു പേരെങ്കിലും പിടിച്ചു നില്‍ക്കുന്നത്. ഡാമില്‍ നടക്കുന്ന ചെളിനീക്കല്‍ പ്രവൃത്തികള്‍ മൂലം അടുത്ത രണ്ട് മൂന്ന് വര്‍ഷം ഇനി ഡാമില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും കഴിയില്ല. നീര്‍നായ്ക്കളുടെ കണ്ണില്‍പ്പെടാതെ കിട്ടുന്ന മത്സ്യം രാവിലെ വില്പന നടത്തിയാണ് ഇവരിപ്പോള്‍ കിട്ടുന്നതു കൊണ്ട് കഴിഞ്ഞുകൂടുന്നത്.

രണ്ട് പ്രളയത്തില്‍ ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തി വെള്ളം വിട്ടപ്പോള്‍ വലിയ തോതില്‍ ഡാമിലെ മത്സ്യസമ്പത്ത് നഷ്ടമായി. മണ്ണെടുക്കല്‍ കൂടുതല്‍ വര്‍ഷത്തേക്ക് നീണ്ടു പോയാല്‍ ഇവരുടെ ദുരിതങ്ങളും ഏറും. ഫിഷറീസ് വകുപ്പും രക്ഷക്കെത്തുന്നില്ലെന്ന് ഇവര്‍ക്ക് പരാതിയുണ്ട്. എന്തെങ്കിലുമൊക്കെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ലെന്ന് സംഘം പ്രസിഡന്റ് ചന്ദ്രന് പറഞ്ഞു.
Similar News
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള് തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
വേനല്‍മഴയില്‍ മുങ്ങി മുടപ്പല്ലൂര്‍ ടൗണ്‍
പ്രകൃതിയുടെ കരുതൽ: പാത്തിപ്പാറയിൽ പാറക്കുഴിയിലെ നീരുറവ ഒരിക്കലും വറ്റാറില്ല